മോഹങ്ങള്‍ പൂവണിയാതെ അവര്‍ മടങ്ങുന്നു: തിരിച്ചുവരവിനൊരുങ്ങി 30,000 ത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍

MAY 12, 2026, 5:56 AM

ഏറെ പ്രതീക്ഷകളും അതിലേറെ സ്വപ്‌നങ്ങളുമായാണ് മിക്ക വിദ്യാര്‍ത്ഥികളും വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിനായി പോകുന്നത്. എന്നാല്‍ വിദേശങ്ങളില്‍ പോയ പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്ന സാഹചര്യം വലിയ സമ്മര്‍ദമാണ് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നത്. ഏകദേശം 30,000 ത്തോളം പേര്‍ വരും വര്‍ഷങ്ങളില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന് പുതിയ വെല്ലുവിളി ഉയര്‍ത്തുന്ന വിവരങ്ങള്‍ ഉള്ളത്. സംസ്ഥാനം വരും നാളുകളില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഗുരുതരമായ സാഹചര്യമാണ് ഇത് എന്നതില്‍ സംശമില്ല.

എന്തുകൊണ്ട് മടങ്ങുന്നു ?

യു.കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ വിദേശ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ചതും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് കാലാവധിക്ക് ശേഷം സ്ഥിരമായ ജോലി കണ്ടെത്താനാകാതെയും സ്‌പോണ്‍സര്‍ഷിപ്പ് വീസ ലഭിക്കാതെയും വിദ്യാര്‍ത്ഥികള്‍ വലയുന്നുണ്ട്. സ്വീഡന്‍ പോലുള്ള രാജ്യങ്ങളിലും നിലവില്‍ തൊഴിലില്ലായ്മയും വീസ നിരസിക്കലും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിദേശത്തുള്ളത്.

ഈ വിദ്യാര്‍ത്ഥികളുടെ വീസ കാലാവധി അവസാനിക്കുന്ന 2027 കാലയളവില്‍ വലിയൊരു തിരിച്ചൊഴുക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ വിദ്യാര്‍ത്ഥികളെല്ലാം കേരളത്തിലേക്ക് എത്തുമെന്നല്ല കരുതേണ്ടത്. മറിച്ച് സ്വപ്നങ്ങള്‍ കരുപിടിപ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥികളില്‍ ഒരു ശതമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കോ ജോലി സാധ്യതകളുളള ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കോ ചേക്കേറിയേക്കാം. എന്നാലും ഭാരിച്ച തുക ചെലവഴിച്ച് സ്വപ്ന രാജ്യങ്ങളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.

സാമ്പത്തിക-മാനസിക ആഘാതം

വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവുംം 15 മുതല്‍ 45 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഈ തുക ട്യൂഷന്‍ ഫീസിനായി മാത്രമാണ് പലര്‍ക്കും തികയുന്നത്. അതിനാല്‍ തന്നെ വിദേശത്ത് ജോലി ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ഇവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും ജപ്തി നടപടികളിലേക്കും നയിക്കും. ഇത് യുവാക്കള്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

മടങ്ങിയെത്തിയ പല വിദ്യാര്‍ത്ഥികളും ഭാരിച്ച തുക നഷ്ടപ്പെട്ടത് മൂലം കടുത്ത നിരാശയിലാണ്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് പലരും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് തുടരാനായി ചിലര്‍ വ്യാജ വിവാഹങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി നിയമവിരുദ്ധമായി വീസ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കും.

സര്‍ക്കാര്‍ ഇടപെടലുകള്‍ക്കുള്ള ശുപാര്‍ശകള്‍

ഈ സാഹചര്യം മുന്‍നിര്‍ത്തി തിരിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യങ്ങളും ഉയരുകയാണ്. അതിനായി വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ മൊറട്ടോറിയം അനുവദിക്കുകയും പലിശ സബ്സിഡി നല്‍കുകയും ചെയ്യണം. മടങ്ങി വരുന്നവരുടെ അക്കാദമിക് മികവുകള്‍ ഉപയോഗപ്പെടുത്താന്‍ കേരള ഐടി പാര്‍ക്കുകളിലും സ്റ്റാര്‍ട്ടപ്പുകളിലും അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്‌കില്‍ മാപ്പിംഗ് നടത്തുകയും ചെയ്യുണം.

കൂടാതെ വിദേശ രാജ്യങ്ങളുമായി പഠനാനന്തര വീസ സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണം. പ്രതിസന്ധിയിലായവര്‍ക്കായി സൗജന്യ കൗണ്‍സിലിംഗും ഹെല്‍പ്പ് ലൈനുകളും ആരംഭിക്കണം.

കേവലം പ്രൗഢിക്ക് വേണ്ടിയോ താമസ ഉദ്ദേശ്യത്തോടെയോ അന്ധമായി വിദേശത്തേക്ക് പോകുന്ന രീതിയില്‍ മാറ്റം വരണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കെണികളില്‍ പെടുത്താതിരിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്. മടങ്ങി വരുന്ന യുവാക്കളെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കാന്‍ ദീര്‍ഘ വീക്ഷണമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നും നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam