'ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം' നടന്നിട്ട് 72 ആണ്ടാവുകയാണ്. ആ വിപ്ലവത്തിൽ പങ്കെടുത്തവരിൽ ഇപ്പോൾ ഉള്ളത് സി.പി.എം. നേതാവ് എം.എം. ലോറൻസ് മാത്രം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് ഈമാസം 28ന് അനുസ്മരണസമ്മേളനം നടത്തുന്നുണ്ട്.
അഖിലേന്ത്യാ കമ്യൂണിസ്റ്റ് പാർട്ടി 1950 മാർച്ച് ഒമ്പതിന് രാജ്യവ്യാപകമായി റെയിൽവേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തെ മറിച്ചിടുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് രണദിവെ അത്തരമൊരു ആഹ്വാനം നൽകിയത്. റെയിൽവേ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽഗതാഗതം സ്തംഭിപ്പിക്കുക എന്നതായിരുന്നു.
റെയിൽവേ പണിമുടക്ക് വിജയിപ്പിക്കുന്നതിനെപ്പറ്റി പലവട്ടം ചർച്ചകൾ നടന്നു. ചെറിയതെങ്കിലും ഇടപ്പള്ളി റെയിവേ സ്റ്റേഷന് അന്ന് നിർണായക പ്രധാന്യമുണ്ട്. എറണാകുളത്തേക്കുള്ള ട്രെയിനുകളുടെ ഷണ്ടിംഗ് കേന്ദ്രമാണ് ഇടപ്പള്ളി. പോണേക്കരയാകട്ടെ അന്ന് റെയിൽവേത്തൊഴിലാളികളുടെ കേന്ദ്രവും. പണിമുടക്കിനെ മറികടന്ന് എറണാകുളത്തേക്ക് ട്രെയിൻ വന്നാൽ അട്ടിമറിക്കാനും തൊഴിലാളികൾ പദ്ധതിയിട്ടു. പണിമുടക്കുമായി ബന്ധപ്പെട്ട് രഹസ്യയോഗത്തിൽ പങ്കെടുത്ത് മടങ്ങിയ എൻ.കെ. മാധവനെയും വറീതുകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് 'ഇടപ്പള്ളി സംഭവ'ത്തിന്റെ തുടക്കം. ഇരുവരെയും 26 ന് രാത്രി പോലീസ് ലോക്കപ്പിലടച്ചു.
തങ്ങളുടെ രണ്ട് സഖാക്കൾ
ലോക്കപ്പിൽ മർദനമേറ്റ് കഴിയുന്നുണ്ടെന്നുള്ള വിവരം പിറ്റേന്നുള്ള യോഗത്തിൽ
അവതരിപ്പിച്ചു. സ്റ്റേഷൻ ആക്രമിച്ച് ലോക്കപ്പിലുള്ളവരെ മോചിപ്പിക്കാൻ
പെട്ടന്ന് തന്നെ തീരുമാനമായി. കെ.സി. മാത്യുവാണ് നിർദേശം മുന്നോട്ട്
വച്ചത്. എല്ലാവരും അതിനെ പിന്താങ്ങി.
ആക്ഷന്റെ നേതൃത്വത്തിനായി നാലംഗ
കമ്മിറ്റിയും ഉണ്ടാക്കി. കെ.സി.മാത്യു, എം.എം. ലോറൻസ്, കെ.യു.ദാസ്,
വി.വിശ്വനാഥമേനോൻ എന്നിവരായിരുന്നു ഈ ആക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്നത്.
കെ.സി. മാത്യുവിനായിരുന്നു മുഖ്യ ചുമതല.
രാത്രി 10 ന് മുമ്പായി വാക്കത്തി, വടികൾ, കൈംബോംബ് എന്നിവ സംഘടിപ്പിച്ചു. രാത്രി 2.15 ന്, 17 പേർ സ്റ്റേഷനു മുന്നിലെത്തി. കെ.സി. മാത്യു നിർദേശം നൽകിയതിനെ തുടർന്ന് ആക്രമണം നടന്നു. കൈബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. ആക്രമണത്തിൽ മാത്യു, വേലായുധൻ എന്നീ രണ്ട് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടു. സഹപ്രവർത്തകർ വീണതോടെ മറ്റ് പോലീസുകാർ ജീവനുംകൊണ്ടോടി.
കലാപകാരികൾ ലോക്കപ്പിൽ കിടന്ന മാധവനയെും വറീതിനെയും മോചിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ലോക്കപ്പിന്റെ താക്കോൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല. ലോക്കപ്പിന്റെ താഴ് തല്ലിപ്പൊളിക്കാനും കഴിഞ്ഞില്ല. പത്ത് മിനിറ്റിനുശേഷം സംഘം സ്റ്റേഷനിൽ നിന്ന് മടങ്ങി. നാല് തോക്കുകൾ സ്റ്റേഷനിൽ നിന്ന് കലാപകാരികൾ എടുത്തുകൊണ്ടുപോയി.
പ്രിതികളെല്ലാവരും ഒളിവിൽപ്പോയി. സ്റ്റേഷൻ ആക്രമണം അതിനകം വാർത്തയായതിനാൽ പല വീടുകളിലും കലാപകാരികൾക്ക് ഷെൽട്ടർ ലഭിച്ചില്ല. കലൂരിൽ ഒരുകുളത്തിൽ തോക്കുകൾ കൊണ്ടിട്ടു. പെട്ടന്ന് തന്നെ പോലീസിന് തെളിവുകൾ കിട്ടി. ഒന്നിനു പുറകെ ഒന്നായി കെ.സി.മാത്യുവും, ലോറൻസുമെല്ലാം അറസ്റ്റിലായി. കെ.യു.ദാസിനെ പോലീസ് ആലുവ സ്റ്റേഷൻ ലോക്കപ്പിലിട്ടു മർദിച്ചവശനാക്കി. സ്റ്റേഷനിൽ വച്ച് മരിച്ച ദാസിന്റെ മൃതദേഹം വീട്ടുകാർക്കൊന്നും വിട്ടുകൊടുക്കാതെ പോലീസ് തന്നെ മറവു ചെയ്തു. സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടിയ കെ.എസ്. പി. പ്രവർത്തകൻ ജോസഫിനെയും പോലീസ് മർദിച്ചുകൊന്നു. ഇടപ്പള്ളി സംഭവത്തിലെ പ്രതികളെ പിടികൂടാനായി പോലീസ് രാത്രി വീടുകൾ കയറിയിറങ്ങി. സ്ത്രീകൾ ഉൾപ്പടെ പലരെയും മർദിച്ചു. അറസ്റ്റിലായവർക്കെല്ലാം തന്നെ കടുത്ത മർദനം നേരിടേണ്ടി വന്നു.
1952 ന് സെഷൻസ് കോടതി കേസിന്റെ വിചാരണ തുടങ്ങി. കെ.സി. മാത്യൂ, വിശ്വനാഥ മേനോൻ, എം.എം.ലോറൻസ്, എൻ.കെ. മാധവൻ, എൻ.എ.കുമാരൻ, കെ.ബി. ജോർജ്, കെ.എ. എബ്രഹാം, എൻ.എ. കുമാരൻ, കെ.യു. ദാസ്, കെ.എ. രാജൻ, പയ്യപ്പിള്ളി ബാലൻ, കെ.ആർ.കൃഷ്ണൻകുട്ടി, കെ.എ. വറുതുകുട്ടി, കുഞ്ഞൻബാവ, കുഞ്ഞുമോൻ, വി.പി. സുരേന്ദ്രൻ, എൻ.കെ.ശശിധരൻ, എം.എ. അരവിന്ദാക്ഷൻ, കെ.എ. രാജൻ, വി. ശൗരിമുത്തു, ഒ. രാഘവൻ തുടങ്ങിയവരായിരുന്നു പ്രതികൾ. വറീതുകുട്ടിയും മാധവനും ആക്രമണത്തിൽ പങ്കെടുത്തില്ലെങ്കിലും പ്രതിയാക്കപ്പെട്ടു. പയ്യപ്പിള്ളി ബാലനെപ്പോലുള്ളവർ ആക്ഷനിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ ആലുവയിലെ പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രധാനികളായതിനാൽ പ്രതിയാക്കപ്പെട്ടു. യഥാർത്ഥത്തിൽ ആക്ഷനിൽ പങ്കെടുത്ത 11 പേർ മാത്രമാണ് പിടിക്കപ്പെട്ടത്.
സെഷൻസ് കോടതി
കെ.സി. മാത്യു, കെ.എ. എബ്രഹാം, കെ.ആർ. കൃഷ്ണൻ കുട്ടി എന്നിവർക്ക് 12 വർഷം
കഠിന തടവ് വിധിച്ചു. മറ്റുള്ളവർക്ക് അഞ്ചും മൂന്നും വർഷം വീതമായിരുന്നു
ശിക്ഷ. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷ
വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതയിൽ എത്തി. എല്ലാവർക്കും
ജീവപര്യന്തമാക്കി ഹൈക്കോടതി ശിക്ഷ വിധിച്ചു. തുടർന്ന് നൽകിയ അപ്പീലിൽ
സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു.
അഞ്ചുവർഷത്തിനുശേഷം ഇ.എം.എസ്.
മന്ത്രിസഭ അധികാരത്തിൽ വന്നതിനെ തുടർന്ന് ഇടപ്പള്ളി പ്രതികളുടെ ദുരിതാവസ്ഥ
മാറി. ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെ 1957 ഏപ്രിൽ 12 ന് സർക്കാർ
മോചിപ്പിച്ചു.
പോലീസ് സ്റ്റേഷൻ ആക്രമണങ്ങളുടെ ചരിത്രത്തിലും ഇടപ്പള്ളി
വേറിട്ടു നിൽക്കുന്നു. കേരളത്തിൽ ഏഴ് പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ
രാഷ്ട്രീയമായി ആക്രമിക്കപ്പെട്ടിട്ടുള്ളത്. പോലീസ് അറസ്റ്റ് ചെയ്ത പാർട്ടി
പ്രവർത്തകനെ മോചിപ്പിക്കാൻ അധികാരത്തിന്റെ ഹുങ്കിൽ ഡി.വൈ.എഫ്.ഐയും യൂത്ത്
കോൺഗ്രസുകാരും നടത്തുന്ന സ്റ്റേഷൻ 'ആക്രമണവും' വിപ്ലവ ആക്രമണങ്ങളും
രണ്ടാണ്.
കമ്യൂണിസ്റ്റുകളുടെ (വിപ്ലവകാരികളുടെ) നേതൃത്വത്തിൽ കേരളത്തിൽ ആറ് പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിട്ടുള്ളത്. കടയ്ക്കൽ വിപ്ലവത്തിൽ കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലല്ലാതെ ജനം പോലീസ് സ്റ്റേഷൻ ആക്രമിച്ചു തകർത്തിരുന്നു. 1943 ൽ ഫോർട്ട് കൊച്ചിയിൽ സൈനിക ബാരക്ക് ആക്രമിച്ചതുപോലുള്ള സംഭവങ്ങളും നടന്നിട്ടുണ്ട്. പക്ഷേ അവ രണ്ടിനും കമ്യൂണിസ്റ്റുകൾ നടത്തിയ ആക്രമണത്തിന്റെ സ്വഭാവമല്ല ഉണ്ടായിരുന്നത്. ഭരണകൂടത്തെ മറിച്ചിട്ട് തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യം കമ്യൂണിസ്റ്റുകളുടെ പ്രവർത്തന പദ്ധതിയുമായുള്ളതിനാൽ അവർ നടത്തുന്ന ആക്രമണം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ഇടപ്പള്ളി കലാപത്തിന്റെ പരാജയം
1.
ഇന്ന് ഇടപ്പള്ളി കലാപത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ നമുക്ക് അതില
ഗുരുതരമായ പോരായ്മകൾ മനസ്സിലാക്കാനാവും. സമഗ്രമായ ഒരു രാഷ്ട്രീയ പദ്ധതിയുടെ
ഭാഗമായി ശാസ്ത്രീയമായ രീതിയിലല്ല ഇടപള്ളി കലാപം സംഘടിപ്പിക്കപ്പെട്ടത്.
ഭരണകൂടത്തെ അട്ടിമറിക്കുക എന്ന അഖിലേന്ത്യാ ലൈനിന്റെ ഭാഗമായിട്ടാണ്
നടന്നതെങ്കിലും വ്യക്തമായ ഒരു പദ്ധതി കലാപത്തിനുണ്ടായിരുന്നില്ല.
2.
ഇടപ്പള്ളി സ്റ്റേഷനാക്രമണത്തിൽ പങ്കെടുത്തവരെ നയിച്ചത് മുഖ്യമായും
വികാരമാണ്. യുക്തിയല്ല. തങ്ങളുടെ സഖാക്കളെ അന്യായമായി പോലീസ്
തടങ്കലിലാക്കിയിരിക്കുന്നു എന്ന രോഷം. പോലീസ് സ്റ്റേഷൻ ആക്രമണം പോലുള്ള
ഒന്ന് സംഘടിപ്പിക്കുമ്പോൾ കേവലം രോഷമല്ല കമ്യൂണിസ്റ്റുകളെ നയിക്കേണ്ട
വികാരം.
3. ആക്ഷൻ ആസൂത്രണം ചെയ്യുന്നത് തലേദിവസം രാത്രി മാത്രമാണ്.
ആക്രമണത്തിന്റെ വിശദാംശങ്ങളെപ്പറ്റി ഗൗരവമേറിയ ചർച്ച സംഘാംഗങ്ങൾ തമ്മിൽ
നടത്തിയിരുന്നില്ല. ആക്രമണ ടീമിലുണ്ടായിരുന്ന എല്ലാവരും ചർച്ചയിൽ
പങ്കാളിയായിരുന്നില്ല.
4. ആക്രമണത്തിനുശേഷം എന്ത് എന്നതിനെപ്പറ്റി ഒരു
വ്യക്തമായ ധാരണയും ആർക്കുമുണ്ടായിരുന്നില്ല. പിടിച്ചെടുത്ത തോക്കുകൾ
എന്തുചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവില്ലാതിരുന്നതുകൊണ്ടാണ്
തോക്കുകൾ കുളത്തിൽ കൊണ്ടിട്ടത്.
5. ദേശീയതലത്തിൽ കൽക്കത്താ തീസിന്റെ
കാലമായിരുന്നുവെങ്കിലും പാർട്ടി നേതൃത്വം എറെക്കുറെ
അടിച്ചമർത്തപ്പെട്ടിരുന്നു. കൽക്കത്താ തീസിസ് ഒരിക്കലും വ്യക്തമായ ഒരു
വിപ്ലവപദ്ധതിയായിരുന്നില്ല. അത്തരം ഒരു ലൈനിന്റെ കീഴിൽ, ആ ലൈൻ തിരുത്താനുളള
ശ്രമം പോലും നടത്താതെയാണ് സമരം സംഘടിപ്പിച്ചത്. അത് സമരത്തെ
ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമാക്കി.
6. തിരുവിതാംകൂറിനകത്തും
പുറത്തും ശക്തമായ സംഘടനാ സംവിധാനം നിലവിലില്ലായിരുന്നു.
കമ്യൂണിസ്റ്റുപാർട്ടി സംഘടനപരവും രാഷട്രീയമായും ദുർബലമായിരുന്നു.
7.
ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടുമ്പോൾ ശരിയായ സൈനികലൈൻ ആവശ്യമാണ്.
അത്തരമൊരു സൈനിക ലൈൻ കലാപത്തിൽ പങ്കെടുത്തവർക്കുണ്ടായിരുന്നില്ല.,
8. ഭരണകൂടത്തിന്റെ സായുധ ശക്തിയെ കമ്യൂണിസ്റ്റുകൾ വിലകുറച്ചുകണ്ടു.
9.
കലാപത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ഇടത്തരം വർഗജാതി വിഭാഗത്തിൽപെട്ട
യുവാക്കളോ വിദ്യാർത്ഥികളോ ആയിരുന്നു. അതിൽ പലരും ഉയർന്ന സാമ്പത്തിക
കുടംബത്തിലുള്ളവരായിരുന്നു. കലാലയ വിദ്യാഭ്യാസം നേടിയ ഇക്കൂട്ടത്തിൽ
തൊഴിലാളികളുടെ എണ്ണം തുലോം കുറവായിരുന്നു. അതുകൊണ്ട് തന്നെ പെറ്റിബൂർഷ്വാ
കലാപത്തിന്റെ സ്വഭാവമാണ് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിനുണ്ടായിരുന്നത്.
ജെ.ജി. കുഴിയാഞ്ഞാൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1