സിന്ധു നദീജല കരാര്‍: വെള്ളം തടഞ്ഞാല്‍ കൈകള്‍ വെട്ടിമാറ്റും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്ക് മന്ത്രി

JUNE 30, 2026, 1:34 AM

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. കരാര്‍ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ഭീഷണിപ്പെടുത്തി. ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാലിക്ക്.

അയല്‍ രാജ്യത്തെ പ്രധാനമന്ത്രി ഒരു ടാപ്പ് നിയന്ത്രിക്കുകയും പാക്കിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്ന് പറയുകയും ചെയ്യുകയാണെന്ന് മുസാദിക് മാലിക്ക് ആരോപിച്ചു. രാജ്യത്തെ 50 ശതമാനത്തോളം ജനങ്ങള്‍ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, ജലവിഹിതം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും നിലനില്‍ക്കെ എങ്ങനെയാണ് ഒരു രാജ്യത്തിന് ഏകപക്ഷീയമായി വെള്ളം തടയാന്‍ കഴിയുകയെന്നും പാക്ക് മന്ത്രിമാര്‍ ചോദ്യമുന്നയിച്ചു.

തര്‍ക്കത്തിന് പിന്നില്‍ പഹല്‍ഗാം ആക്രമണം

2025ല്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് വെള്ളം നല്‍കില്ലെന്ന കര്‍ശന നിലപാടിലേക്ക് ഇന്ത്യ എത്തിയിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല എന്ന നയത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം. ഇതിന് പിന്നാലെ, ജലസുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യക്കെതിരെ യുദ്ധത്തിന് പോലും മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും മുന്‍പ് പ്രസ്താവിച്ചിരുന്നു.

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 നാണ് ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ചത്. ആറ് നദികളിലെ ജലം പങ്കിടുന്നതാണ് ഈ ചരിത്ര കരാര്‍. രവി, ബിയാസ്, സത്ലജ് എന്നീ നദികളിലെ ജലം പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ 80 ശതമാനത്തോളം ജലവിഹിതം പാക്കിസ്ഥാനാണ് ലഭിക്കുന്നത്.

കരാര്‍ അനുസരിച്ച് പടിഞ്ഞാറന്‍ നദികളില്‍ വലിയ അണക്കെട്ടുകള്‍ നിര്‍മ്മിച്ച് വെള്ളം തടയാന്‍ ഇന്ത്യക്ക് അവകാശമില്ല. എന്നാല്‍ 65 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കരാര്‍ നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും അനുയോജ്യമല്ലെന്നും, ഇതില്‍ സമഗ്രമായ പുനപരിശോധന വേണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ കരാര്‍ തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ പുനപരിശോധനയോട് സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകുന്നില്ല. നിലവിലെ ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും മറികടക്കാന്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ സമ്മര്‍ദ്ദം ചെലുത്താനാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam