കാഠ്മണ്ഡു: നേപ്പാള്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധം പ്രകൃതി ദുരന്തത്തില്‍ മുങ്ങിയപ്പോള്‍, ചെളിയും പ്രളയജലവും കാരണം ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലേക്ക് പ്രത്യാശയുടെ പ്രകാശവുമായി ആകാശപാതയൊരുക്കുകയാണ് നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍ പ്രിയ അധികാരി. വെറും ആറ് ദിവസത്തിനുള്ളില്‍ ആകാശ മാര്‍ഗ്ഗം ഏകദേശം നൂറോളം അപടകരമായ രക്ഷാദൗത്യങ്ങളാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. നേപ്പാള്‍-തിബത്ത് അതിര്‍ത്തിയിലെ തിമുരെ ഉള്‍പ്പെടെയുള്ള കനത്ത പ്രളയബാധിത പ്രദേശങ്ങളില്‍ വിശ്രമമില്ലാതെ പറന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍ പ്രിയ നിര്‍ണ്ണായക പങ്കുവഹിച്ചു.
ഹിമാലയത്തിലെ ഏറ്റവും അപകടം പിടിച്ച ഇടുങ്ങിയ താഴ്‌വരകളില്‍ ഒരേസമയം ഇരുപതോളം ഹെലികോപ്റ്ററുകള്‍ പറക്കുന്ന വലിയ വെല്ലുവിളിയാണ് പൈലറ്റുമാര്‍ നേരിട്ടത്. താഴെ കരയെന്ന് തോന്നിക്കുന്ന ഭാഗങ്ങള്‍ കട്ടിയുള്ള ചെളിയായതിനാല്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപോകാനുള്ള സാധ്യത മുന്‍നിര്‍ത്തി, എഞ്ചിന്‍ പൂര്‍ണ്ണമായി ഓഫ് ചെയ്യാതെ പ്രവര്‍ത്തിപ്പിച്ചു നിര്‍ത്തിക്കൊണ്ടായിരുന്നു ഓരോ ലാന്‍ഡിംഗും. 2015 ലെ ഭീകരമായ ഭൂകമ്പത്തേക്കാള്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച ഈ ദുരന്തത്തില്‍, തകര്‍ന്നടിഞ്ഞ ഗ്രാമങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കൈവീശിക്കാണിച്ച മനുഷ്യരാണ് തനിക്ക് മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയതെന്ന് പ്രിയ വ്യക്തമാക്കുന്നു.
പരിസ്ഥിതി ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി കാബിന്‍ ക്രൂ ആയി ജോലി ആരംഭിച്ച പ്രിയ അധികാരി, വിമാനങ്ങളോടുള്ള അഭിനിവേശം കൊണ്ടാണ് ഫിലിപ്പീന്‍സില്‍ നിന്നും ഹെലികോപ്റ്റര്‍ പരിശീലനം നേടിയത്. പുരുഷാധിപത്യമുള്ള ഈ മേഖലയില്‍ തുടക്കത്തില്‍ നിരവധി അവഗണനകള്‍ നേരിട്ടെങ്കിലും, 2017 ല്‍ മുഴുവന്‍ സമയ പൈലറ്റായി മാറി നേപ്പാളിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. 6200 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പരിക്കേറ്റ പര്‍വ്വതാരോഹകരെ രക്ഷപെടുത്തി പരിചയസമ്പത്തുള്ള പ്രിയ, തുടര്‍ച്ചയായ ദൗത്യങ്ങള്‍ കാരണം ക്ഷീണം നേരിടുമ്പോഴും 'ഞങ്ങള്‍ ഇതിനായി പരിശീലനം നേടിയവരാണ്' എന്ന ലളിതമായ വാക്കുകളോടെ തങ്ങളുടെ കടമ പൂര്‍ത്തിയാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
