ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ എംജിഎം ഇന്റർനാഷണലിൽ 2025 ആഗസ്റ്റ് 17, 18, 19, തീയതികളിൽ അരങ്ങേറുകയാണ്. പ്രസിഡന്റ് ഡോ. നിഷാ പിള്ള, സെക്രട്ടറി മധു ചെറേടത്ത്, ട്രഷറർ രഘുവരൻ നായർ എന്നിവരോടൊപ്പം കൺവൻഷൻ കൺവീനർ സുനിൽ പൈംഗോൾ എന്നിവരുടെ നേതൃത്വത്തിൽ വലിയ ഒരു സംഘം ഈ 'വിരാട് 25' എന്ന കൺവൻഷന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നത്തിലാണ്.
ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമം താലപ്പൊലിയും പഞ്ചവാദ്യവും മുത്തുക്കുടകളും പൂരപ്പറമ്പിന്റെ ദൃശ്യവിസ്മയം തീർക്കുന്ന ഘോഷയാത്രയോടെയാണ്. വന്ദ്യനീയരായ സന്ന്യാസി വര്യന്മാർ, ഹൈന്ദവ മതപണ്ഡിതന്മാർ, രാഷ്ട്രീയ നേതാക്കൾ, സിനിമാ/സാഹിത്യ രംഗത്തെ പ്രമുഖർ, കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാർ. എന്നിവരുടെ ഒരു വലിയ സംഘംതന്നെ പങ്കെടുക്കുന്നു.
കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ ഭക്ഷണം തയ്യാറാക്കുന്നത് പാചകരംഗത്തെ മുടിചൂടിമന്നനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് എന്ന സവിശേഷത കൂടിയുണ്ട്. 18ന് രാവിലെ നടക്കുന്ന സർവൈശ്വര്യ പൂജ ഈ സംഗമത്തിലെ പുതുമ നിറഞ്ഞ അനുഭവമായിരിക്കും പങ്കെടുക്കുന്നവർക്ക് കൈവരുന്നത്.
സുപ്രസിദ്ധരായ 'അഗം ബാൻഡ്' അവതരിപ്പിക്കുന്ന ഗാന മേള, 'മൃദുമൽഹാർ' എന്ന പേരിൽ സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായൺ, മധുശ്രീ നാരായൺ എന്നിവരുടെ സംഗീത സദസ്സ്, ന്യൂയോർക്ക് ടീം അവതരിപ്പിക്കുന്ന 'സമഷ്ടി' എന്ന സംഗീതനൃത്ത നാടകം, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന വിവിധ ക്ഷേത്ര കലകൾ, പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, നൃത്തനൃത്യങ്ങൾ, അമേരിക്കയിലുള്ള കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ പരിപാടികൾ ഇവയൊക്കെ കൺവൻഷന് സവിശേഷത നൽകുന്നു.
ജയപ്രകാശ് നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്