വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെയ്പ്പ് നടത്തിയ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31 വയസ്സുകാരൻ കോൾ തോമസ് അലൻ ആണ് പിടിയിലായതെന്ന് പ്രമുഖ മാധ്യമപ്രവർത്തക കരോൾ മാർക്കോവിച്ച് ഉൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചു.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾക്ക് നാസ (NASA) പോലുള്ള ലോകപ്രശസ്ത സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.
പ്രതിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവുമുള്ള ഇയാൾ നാസയിൽ റിസർച്ച് ഫെലോ ആയിരുന്നുവെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ സൂചിപ്പിക്കുന്നു. കൂടാതെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ 'ടീച്ചർ ഓഫ് ദ മന്ത്' പുരസ്കാരവും ഇയാൾ നേടിയിട്ടുണ്ട്. ഇത്രയും മികച്ച കരിയറുള്ള ഒരാൾ ഇത്തരമൊരു ആക്രമണത്തിലേക്ക് തിരിയാനുള്ള കാരണം അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.
അതേസമയം, പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. കോൾ അലൻ ഡെമോക്രാറ്റിക് പാർട്ടിയിൽ രജിസ്റ്റർ ചെയ്ത വ്യക്തിയാണെന്നും, കമല ഹാരിസിന്റെ 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയിട്ടുണ്ടെന്നും വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മുൻകാല പ്രവർത്തനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
