ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിൽ ഇറക്കേണ്ടി വന്നേക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാൽ, വരാനിരിക്കുന്ന തിരിച്ചടി അതിശക്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ആറ് യുഎസ് സൈനികരുടെ വീരമൃത്യുവിനും ഉടൻ തന്നെ പ്രതികാരം ചെയ്യുമെന്ന് ന്യൂസ് നേഷൻ മാധ്യമപ്രവർത്തക കെല്ലി മേയർക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. "ഏതൊരു പ്രസിഡന്റും പറയാറുള്ളത് കരസേനയെ ഇറക്കില്ലെന്നാണ്, എന്നാൽ താൻ അങ്ങനെയല്ല പറയുന്നത്. നിലവിൽ അതിന്റെ ആവശ്യം വന്നേക്കില്ല, പക്ഷേ അത്യാവശ്യമെങ്കിൽ അതിനും മടിക്കില്ല," ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി.
ഇറാനെതിരെയുള്ള സൈനിക നടപടിയുടെ ലക്ഷ്യങ്ങൾ ട്രംപ് അക്കമിട്ട് നിരത്തി. ഇറാന്റെ മിസൈൽ ശേഖരം, നാവികസേന, ആണവ പദ്ധതികൾ എന്നിവ തകർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ മേഖലയിലെ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനും അമേരിക്ക ലക്ഷ്യമിടുന്നു. എന്നാൽ ഇറാന്റെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സൂചന നൽകവേ, "യഥാർത്ഥ തരംഗം ഇനിയും വരാനിരിക്കുന്നതേയുള്ളൂ" എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലുടനീളം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഇറാൻ അഴിച്ചുവിടുകയാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഏത് കപ്പലും കത്തിച്ചു കളയുമെന്ന് ഇറാനിയൻ റവല്യൂഷണറി ഗാർഡ് ജനറൽ സർദാർ ജബ്ബാരി ഭീഷണി മുഴക്കി.
യുദ്ധം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം വ്യോമപാതകളും അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോള വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലും യുദ്ധം കനത്ത പ്രഹരമേൽപ്പിച്ചു. ഏകദേശം 7.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഇറാൻ ആക്രമിച്ച എണ്ണക്കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്ന റിപ്പോർട്ടുകളും ആശങ്ക വർദ്ധിപ്പിക്കുന്നു.
അതേസമയം, ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഉറപ്പായതോടെയാണ് തങ്ങളും ഈ പോരാട്ടത്തിൽ പങ്കുചേർന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാന് മേൽ ആക്രമണം ഉണ്ടായാൽ അവർ അമേരിക്കയെ ലക്ഷ്യം വയ്ക്കുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലക്ഷ്യം തെറ്റില്ല, ഏതു നിമിഷവും ആക്രമണം; ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്