വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഗ്രൗണ്ട് സീറോയ്ക്ക് സമീപമുള്ള യു.എസ് സ്റ്റീല്‍ കെട്ടിടത്തിന് അടുത്ത് നിന്നും രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ തന്നെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചെന്നാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ അവകാശവാദം. കെട്ടിടം തങ്ങളുടെ മേലേക്ക് തകര്‍ന്നുവീഴുമെന്ന് ഭയന്നാണ് ശക്തരായ രണ്ട് ഫയര്‍മാന്‍മാര്‍ തന്നെ പൊക്കിയെടുത്ത് ഓടിയതെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്ന കൃത്യമായ സമയത്തെക്കുറിച്ച് അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.
ആക്രമണം നടന്നയുടന്‍ താന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു എന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞെങ്കിലും, പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ ഇതില്‍ തിരുത്തുമായി രംഗത്തെത്തി. ദുരന്ത ദിവസമല്ല മറിച്ച് അതിന് ശേഷമുള്ള ദിവസങ്ങളിലാണ് താന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സന്ദര്‍ശിച്ചതെന്നും താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ണമായും കൃത്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ നഗരം നേരിട്ട ഭയാനകമായ സാഹചര്യത്തെക്കുറിച്ചുള്ള സ്വന്തം ഓര്‍മ്മകള്‍ പങ്കുവെക്കുക മാത്രമാണ് ട്രംപ് ചെയ്തതെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗ്ലെയും വ്യക്തമാക്കി.
2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം 9/11 ആക്രമണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് നടത്തുന്ന അവകാശ വാദങ്ങളില്‍ പലതും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തവയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ടാമത്തെ വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിക്കുന്നത് നേരിട്ട് കണ്ടെന്നും, ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിച്ചെന്നും, ആളുകള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ മുന്‍ പ്രസ്താവനകള്‍ മുന്‍പും വലിയ ചര്‍ച്ചയായിരുന്നു.
കൂടാതെ, ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ ന്യൂജേഴ്സിയില്‍ ആയിരക്കണക്കിന് ആളുകള്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന അദ്ദേഹത്തിന്റെ ആരോപണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രാദേശിക പോലീസും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
