സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: Malayalee Association of North American Hindus (MANTRAH) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൺവെൻഷനായ ശാക്തേയം 2027ന്റെ വെൽക്കം കമ്മിറ്റി ചെയറായി ധന്യ ദീപു ചുമതലയേറ്റു. 2027 ജൂലൈ 2 മുതൽ 5 വരെ കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള DoubleTree by Hilton-ലാണ് ശാക്തേയം 2027 അരങ്ങേറുന്നത്.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾ, കുടുംബങ്ങൾ, വിശിഷ്ടാതിഥികൾ, ആത്മീയാചാര്യന്മാർ, കലാകാരന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരെ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വെൽക്കം കമ്മിറ്റി ചെയർ എന്ന നിലയിൽ ധന്യ ദീപു നേതൃത്വം നൽകും. കൺവെൻഷനിലെത്തുന്ന ഓരോരുത്തർക്കും MANTRAH കുടുംബത്തിന്റെ സ്നേഹവും ആതിഥ്യമര്യാദയും അനുഭവപ്പെടുന്ന തരത്തിൽ ഊഷ്മളവും ചിട്ടയാർന്നതുമായ സ്വീകരണം ഒരുക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
പരിപാടികളുടെ സംഘാടനത്തിലും ഏകോപനത്തിലും, പ്രത്യേകിച്ച് ഇവന്റ് മാനേജ്മെന്റ്, ഡെക്കറേഷൻ മേഖലകളിലും ധന്യ ദീപുവിനുള്ള പരിചയസമ്പത്തും കഴിവുകളും ശാക്തേയം 2027ന് വലിയ മുതൽക്കൂട്ടാകും. കൺവെൻഷനിലെത്തുന്ന ഓരോ അതിഥിയെയും ഹൃദ്യമായി വരവേൽക്കുന്നതിൽ അവരുടെ നേതൃത്വത്തിലുള്ള വെൽക്കം കമ്മിറ്റി ഊർജ്വസവാളമായി പ്രവർത്തിക്കുമെന്ന് MANTRAH പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പറഞ്ഞു.
ധന്യ ദീപുവിന്റെ സർഗാത്മകതയും സൂക്ഷ്മമായ ആസൂത്രണവും എല്ലാവരെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കഴിവും വെൽക്കം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു.
ശാക്തേയം 2027ലേക്ക് എത്തുന്ന ഓരോ അതിഥിക്കും തുടക്കം മുതൽ നല്ലൊരു അനുഭവം നൽകുക എന്നതാണ് തന്റെ പ്രധാന ശ്രദ്ധ. സ്നേഹത്തോടെയും സന്തോഷത്തോടെയും എല്ലാവരെയും സ്വീകരിച്ച്, ഇവിടെ എത്തുന്ന നിമിഷം മുതൽ അവർ MANTRAH കുടുംബത്തിന്റെ ഭാഗമാണെന്നൊരു അനുഭവം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനായി മികച്ചൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ ദീപു അഭിപ്രായപ്പെട്ടു.
ശാക്തേയം 2027ന്റെ ഒരുക്കങ്ങൾ സജീവമായി മുന്നോട്ടുപോകുന്നതിനൊപ്പം, വിവിധ മേഖലകളിൽ പരിചയസമ്പത്തും പ്രവർത്തനമികവുമുള്ളവരെ ഉൾപ്പെടുത്തി കൺവെൻഷന്റെ വിവിധ കമ്മിറ്റികളും ശക്തിപ്പെടുത്തിവരികയാണ് MANTRAH. 'ധർമ്മം, സംസ്കാരം, ഐക്യം, സമൂഹബന്ധം' എന്നിവ ഒരുമിക്കുന്ന സവിശേഷമായ ആഘോഷമായി ശാക്തേയം 2027നെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
