വാഷിംഗ്ടണ്‍: ചൈനീസ് എ.ഐ കമ്പനികള്‍ അമേരിക്കന്‍ നിര്‍മ്മിത ബുദ്ധി മാതൃകകളില്‍ നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി യു.എസ് ഫെഡറല്‍ ഏജന്‍സികള്‍. വികസനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ വേഗത്തില്‍ വിപണിയിലെത്തിക്കുന്നതിനുമായി ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ എ.ഐ സാങ്കേതികവിദ്യ നിയമവിരുദ്ധമായി പകര്‍ത്തിയെടുക്കുകയാണെന്നാണ് യു.എസിന്റെ കണ്ടെത്തല്‍.
കൂടുതല്‍ ശേഷിയുള്ള മുന്‍നിര എ.ഐ മോഡലുകള്‍ ഉപയോഗിച്ച് ചെറിയ മോഡലുകള്‍ക്ക് പരിശീലനം നല്‍കുന്ന ഡിസ്റ്റിലേഷന്‍ എന്ന രീതിയാണ് ചൈനീസ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നത്. എഫ്.ബി.ഐ, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി, സി.ഐ.എസ്.എ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധാരണ പ്രക്രിയയാണെങ്കിലും, യു.എസ് കമ്പനികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ നടത്തുന്ന ഈ നീക്കം വ്യവസായ രഹസ്യങ്ങളുടെ മോഷണമാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഡീപ്‌സീക്ക്, അലിബാബ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ചൈനീസ് സ്ഥാപനങ്ങളെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
യു.എസ് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശിക വിലക്കുകളും മറികടക്കാന്‍ ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന പ്രോക്‌സി ശൃംഖലകളാണ് ചൈനീസ് കമ്പനികള്‍ ഉപയോഗിക്കുന്നത്. അമേരിക്കന്‍ എ.ഐ കമ്പനിയായ ആന്ത്രോപിക് നല്‍കിയ പരാതിയില്‍, അവരുടെ ക്ലോഡ് എന്ന എ.ഐ മോഡലില്‍ നിന്ന് വിവരം ചോര്‍ത്താന്‍ മൂന്ന് ചൈനീസ് ലാബുകള്‍ ചേര്‍ന്ന് 24,000 വ്യാജ അക്കൗണ്ടുകളിലൂടെ 1.6 കോടിയിലധികം സംഭാഷണങ്ങള്‍ നടത്തിയതായി വെളിപ്പെടുത്തി.
അമേരിക്കന്‍ എ.ഐ സാങ്കേതികവിദ്യ ചോര്‍ത്തുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ കര്‍ശന ഉപരോധവും വിലക്കുകളും ഏര്‍പ്പെടുത്തുമെന്ന് യു.എസ് ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാകുമെന്നാണ് സൂചന.
ജനപ്രിയവും ചെലവ് കുറഞ്ഞതുമായ ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരുന്ന പശ്ചാത്തലത്തിലാണ് ഈ വിവാദം. അതോടൊപ്പം, ഗൂഗിളിന്റെ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍, സൈബര്‍ ഹാക്കര്‍മാര്‍ അമേരിക്കന്‍ കമ്പനികളുടെ എ.ഐ മോഡലുകളെയും സോഴ്‌സ് കോഡുകളെയും ലക്ഷ്യമിടുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
