കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള 'വേൾഡ് ഡേ ഓഫ് പ്രെയറി'ന്റെ 25-ാമത് വാർഷികാഘോഷം (സിൽവർ ജൂബിലി) 2026 മാർച്ച് 7-ാം തീയതി (ശനിയാഴ്ച) ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വെച്ചു സമുചിതമായി നടത്തപ്പെട്ടു.
പല വർഗ്ഗങ്ങളിലും പാരമ്പര്യങ്ങളിലും സംസ്‌കാരങ്ങളിലുമായി ജീവിക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ വനിതകൾ ഒത്തൊരുമിച്ച്, ലോക സമാധാനത്തിനും സ്ത്രീ സുരക്ഷയ്ക്കും സമൂഹത്തിന്റെ അവശതയനുഭവിക്കുന്നവരേയും പീഡനങ്ങൾക്ക് വിധേയരാകുന്നവരേയും പ്രാർത്ഥനയിലൂടെ ചേർത്ത് പിടിക്കുന്നതിനും അതുവഴി അവർക്കാശ്വാസമേകുന്നതിനുമുള്ള ഒരു വേദിയെന്ന നിലയിൽ വർഷത്തിലൊരു ദിവസം ഒത്തു കൂടുകയെന്നതാണ് ഈ കൂട്ടായ്മയിലൂടെ പ്രാവർത്തികമാക്കുന്നത്.
ഈ വർഷം നൈജീരിയയിലെ വിവിധ സഭകളിൽ നിന്നും ക്രിസ്ത്യാനി എന്ന നിലയിൽ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ 'എന്റെ അടുക്കുന്നവരിൽ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്തായി 11.28) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാം അനുസരിച്ചാണ് ഈ വർഷത്തെ 'അഖില ലോക വനിതാ പ്രാർത്ഥനാ ദിനം' ക്രമീകരിച്ചത്.
റവ. ഫാ. ബേസിൽ അബ്രഹാം (കെ.ഇ.സി.എഫ് പ്രസിഡന്റ് വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ), റവ. ഫാ. പോൾ തോട്ടക്കാട്ട് (കെ.ഇ.സി.എഫ് വൈസ് പ്രസിഡന്റ്), വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പ , കെ.ഇ.സി.എഫ്, 2026പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടർ (സെക്രട്ടറി, കെ.ഇ.സി.എഫ്), ശ്രുതി ബാബു (കൺവീനർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡാളസ് മേഖലയിലെ 20 ദേവാലയങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ഈ ആത്മീയ കൂട്ടായ്മയിൽ പ്രാർത്ഥനകൾ, തിരുവചന വായനകൾ, സംഗീതം, ദുരിതപൂർണ്ണവും, സങ്കീർണ്ണവുമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് പ്രചോദനമേകുന്ന പ്രഭാഷണങ്ങൾ എന്നിങ്ങനെയുള്ള വിവിധ അടിസ്ഥാന ലക്ഷ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോഗ്രാമുകളാണ് ക്രമീകരിച്ചത്.
വെരി. റവ. ജോൺ കുന്നത്തുശ്ശേരിൽ, വെരി. റവ. വി.എം. തോമസ്, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. തമ്പാൻ വർഗീസ്, റവ. ഫാ. സാംസൻ അബ്രഹാം, റവ. ഫാ. ജെസ്‌വിൻ ജോൺ, റവ. ഫാ. റോബിൻ വർഗീസ്, റവ. ഫാ. രെജിൻ രാജു, റവ. ഫാ. തോമസ് മാത്യു, റവ. ഫാ. ബിനു തോസ്, റവ. ഫാ. റോയി തോമസ് എന്നീ വൈദീകരും യോഗത്തിൽ പങ്കെടുത്തു.
ഈ വർഷത്തെ പ്രാർത്ഥനാ ദിനത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തത് അഡെമിൻ സോയ് അലോങ്ക (ദി റീഡീമെസ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ്, ലൂയിയാന) ആയിരുന്നു. റവ. ഫാ. ബേസിൽ
അബ്രഹാം സ്വാഗതവും ലീനാ റൂബെൻ (സെക്രട്ടറി, വനിതാ സമാജം, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ), നന്ദിയും രേഖപ്പെടുത്തി. ബെൻമാ സെഖറിയ, ഡോ. ദീപ്തി സെഖറിയ എന്നിവർ എം.സിമാരായും പ്രവർത്തിച്ചു.
ഡാളസിൽ കഴിഞ്ഞ 25 വർഷം മുമ്പു വളർന്നു ചുരുക്കം അംഗങ്ങളെ ഉൾപ്പെടുത്തി, ഇത്തരത്തിലുള്ള ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുകയും അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി, ഇന്ന് ഇത്തരത്തിലുള്ള വലിയ ജനപങ്കാളിത്തമുള്ള ഒരു ആത്മീയ കൂട്ടായ്മായി വളരുവാൻ സാഹചര്യമൊരുക്കുകയും ചെയ്ത ആദ്യകാല മെമ്പർമാരായ ഏലിസബേത്ത് ജോൺ, മോളി സെഖറിയ, ലീലാമ്മ ചാക്കൊ എന്നിവരെ യോഗം ആദരിച്ചു. തദവസരം നടത്തപ്പെട്ട ബിസിനസ് മീറ്റിംഗിന്റെ മോഡറേറ്ററായി വെരി. റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പായായി പ്രവർത്തിച്ചു. മുൻ വർഷത്തെ കൺവീനർ ബെറ്റ്‌സി തോട്ടക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് അടുത്ത വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വെരി. റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പ, കൺളീനർ സാലി രാജു എന്നിവർക്ക് സ്ഥാനം കൈമാറി. യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും സംഘാടകർ സ്വാദിഷ്ടവും രുചികരവുമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകി.
''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളേരേ, നിങ്ങൾ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന'' സമാശ്വാസ സന്ദേശമടങ്ങുന്ന വേദ ഭാഗങ്ങൾകേന്ദ്രീകരിച്ചുള്ള വചന പ്രഭാഷണങ്ങളാൽ നിറഞ്ഞ ഈ ആത്മീയസംഗമം അതിൽ പങ്കെടുത്ത എല്ലാവർക്കും തികഞ്ഞ ആത്മീയ നിറവിന്റെയും സൗഹൃദത്തിന്റേയും നൂതന അനുഭവമായി മാറി.
ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച വൈദീകർ സെന്റ് ഇഗ്രീഷ്യസ് കത്തീഡ്രൽ ഭരണസമിതി, വനിതാ സമാജാംഗങ്ങൾ, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് എന്നിങ്ങനെയുള്ള വിവിധ ആത്മീയ സംഘടനാ പ്രവർത്തകർ സമീപ ഇടവകയിലെ പോഷക സംഘടനാ പ്രവർത്തകർ തുടങ്ങിയ എല്ലാവരോടും പ്രത്യേതകം നന്ദി രേഖപ്പെടുത്തുന്നതായി കൺവീനർ ശ്രുതി ബാബു അറിയിച്ചു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
