ഡാളസ്: ഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെന്റർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു. മത്സരത്തിന് എല്ലാ ആശംസകളും ദിലീഷ് നേർന്നു. ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത്. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷതവഹിച്ചു.
1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത്തെ തവണയാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 24ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു പ്രസിഡന്റ് പറഞ്ഞു. ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിലാണ് വടംവലി മത്സരത്തിന് അരങ്ങൊരുങ്ങുന്നത്.
പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ പറഞ്ഞു.
ചടങ്ങിൽ മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്, ആർട് ഡയറക്ടർ സിബി ഫിലിപ്പ്, ടോമി നെല്ലുവേലിൽ, റ്റിജോ, മെഗാ സ്‌പോൺസർ രാജൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് - പ്രദീപ് നാഗനൂലിൽ, സെക്രട്ടറി - മൻജിത് കൈനിക്കര, ട്രഷറർ - ദീപക് നായർ, കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്