പിടിയും കോഴിയും: പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ പേതൃത്താ ആഘോഷം

FEBRUARY 14, 2026, 10:42 PM

2026 ഫെബ്രുവരി മാസം ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് (അൻപതു നോമ്പ്) പ്രവേശിക്കുകയാണ്. ഫെബ്രുവരിയിൽ എട്ട് മുതലാണ് നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തിൽ പാശ്ചാത്യ ക്രൈസ്തവസഭകളുടെയും, പൗരസ്ത്യസഭകളുടെയും പാരമ്പര്യങ്ങളിൽ വ്യത്യാസം ഉണ്ടെന്നുമാത്രം. പേതൃത്താ ഞായറാഴ്ച്ച (ഈ വർഷം ഫെബ്രുവരി 15) അർദ്ധരാത്രിമുതൽ നോൺ സ്റ്റോപ്പായി ഈസറ്റർ വരെ എല്ലാ ഞായറാഴ്ച്ചകളും ഉൾപ്പെടെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികൾ (സെ. തോമസ് ക്രിസ്റ്റ്യൻസ്) അമ്പതുദിവസത്തെ നോമ്പാചരിക്കുമ്പോൾ റോമൻകത്തോലിക്കർ ഉൾപ്പെടെയുള്ള പാശ്ചാത്യക്രൈസ്തവർ വിഭൂതിബുധൻ മുതൽ പെസഹാവ്യാഴം വരെ ഇടക്കു വരുന്ന ഞായറാഴ്ച്ചകൾ ഒഴിവാക്കി 40 ദിവസത്തെ നോമ്പാചരിക്കുന്നു. 

പേതൃത്താ ആഘോഷത്തിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് അരിപ്പൊടി, തേങ്ങാപാൽ മുതലായ സാധനങ്ങൾ ചേർത്ത് പ്രത്യേകമായി തയാറാക്കുന്ന പിടിയും (rice balls in thick sauce), തേങ്ങാ വറുത്തരച്ചുവച്ച കോഴിക്കറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയാണ്. പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ വിഭവങ്ങൾ സുറിയാനി ക്രിസ്ത്യാനികളുടെ പേതൃത്താ ആഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. 

ഫെബ്രുവരി 17 ചൊവ്വാഴ്ച്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ ഫാറ്റ് റ്റിയൂസ്‌ഡേ (Fat Tuesday) ആയി ആഘോഷിക്കപ്പെടുന്നു. 40 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന വിഭൂതിബുധനു (Ash Wednesday) തൊട്ടുമുൻപുവരുന്ന ചൊവ്വാഴ്ച്ചയെ ആണ് ഫാറ്റ് റ്റിയൂസ്‌ഡേ (Fat Tuesday) അഥവാ ഷ്രോവ് റ്റിയൂസ്‌ഡേ (Shrove Tuesday) എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് മാർഡിഗ്രാ (Mardi Gras) എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ പാൻ കേക്ക് ട്യൂസ്‌ഡേ (pan cake Tuesday) എന്നും ഇതിനു വിളിപ്പേരുണ്ട്. 

vachakam
vachakam
vachakam

എന്താണി ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷം.പൗരസ്ത്യ സുറിയാനികത്തോലിക്കരുടെ പേത്രത്ത ആഘോഷമാണ് പാശ്ചാത്യ ക്രൈസ്തവരുടെ ഫാറ്റ് റ്റിയൂസ്‌ഡേ. ഈസ്റ്ററിന്റെ തിയതി ഓരോ വർഷവും മാറി വരുന്നതിനാൽ അതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന പേത്രത്ത, ഫാറ്റ് റ്റിയൂസ്‌ഡേ എന്നിവയുടെ തിയതിയും സ്ഥിരമല്ല.

പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 50 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന തിങ്കളാഴ്ച്ചക്ക് മുൻപുവരുന്ന ഞായറാഴ്ച്ചയാണ് (ഈ വർഷം ഫെബ്രുവരി 15 ഞായറാഴ്ച്ച) പേത്രത്താ ആഘോഷിക്കുന്നത്. പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികൾ നോമ്പിന്റെ 50 ദിനങ്ങളിലും മാംസവും, മൽസ്യവും, മൃഗകൊഴുപ്പുകളും, ഉപേക്ഷിക്കുന്നതിനാൽ അതിനുള്ള തയാറെടുപ്പായി നോമ്പിൽ വിലക്കപ്പെട്ട ഈ ഭക്ഷണപദാർത്ഥങ്ങൾ വയറുനിറച്ച് കഴിച്ച് പിറ്റേദിവസം മുതൽ നോമ്പാചരണത്തിനു തയാറെടുക്കുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളായ മുട്ട, വെണ്ണ, മാംസം എന്നിവ വീട്ടിൽ സ്റ്റോക്കുള്ളതുമുഴുവൻ നോമ്പിനുമുൻപായി കഴിച്ചുതീർക്കുകയാണ് ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷത്തിലൂടെ പാശ്ചാത്യർ ലക്ഷ്യമിടുന്നത്. 

അമേരിക്കയിൽ തെക്കൻ ലൂസിയാനയിലെ ന്യൂഓർലിയൻസ് കേന്ദ്രമായി നടക്കുന്ന മാർഡിഗ്രാസ് ഉൽസവം ഫ്രഞ്ച് പാരമ്പര്യത്തിലുള്ള ക്രൈസ്തവരുടെ പേത്രത്ത ആഘോഷമെന്ന് പറയാം. വിലപിടിപ്പുള്ള ബഹുവർണകോസ്റ്റ്യൂമുകളും, മാസ്‌കുകളും അണിഞ്ഞുള്ള പരേഡ്, ഫെയിസ് പെയിന്റിങ്ങ്, കാർണിവൽ, വിവിധ ഫുഡ് സ്റ്റാളുകൾ എന്നിവ മാർഡി ഗ്രാസ് ഉൽസവത്തിന്റെ പ്രത്യേകതകളാണ്. ന്യൂഓർലിയൻസ് കൂടാതെ ടെക്‌സസിലെ ഗാൽവസ്റ്റൺ, ഫ്‌ളോറിഡായിലെ പെൻസക്കോള, കാലിഫോർണിയായിലെ സാൻഡിയാഗോ, അലബാമയിലെ മൊബീൽ എന്നിവിടങ്ങളിലും ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷം വലിയരീതിയിൽ തന്നെ നടത്താറുണ്ട്.

vachakam
vachakam
vachakam

യു.എസ്. കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ നിർദ്ദേശമനുസരിച്ച്, 18 വയസുമുതൽ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികൾ വിഭൂതിബുധനാഴ്ച്ചയും, ദുഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവർജ്ജനത്തിനും കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാൻ 14 വയസിനുമുകളിലുള്ള എല്ലാ കത്തോലിക്കർക്കും കടമയുണ്ട്. എന്നാൽ വയസുനിബന്ധനക്ക് പരി ഭിന്നശേഷിക്കാർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗുരുതരമായ രോഗാവസ്ഥയിലുള്ളവർ എന്നിവരെ ഈ നിബന്ധനകളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ലത്തീൻ ആരാധനാവൽസരമനുസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 18 നാണ് നോമ്പാരംഭിക്കുന്നത്. മണ്ണിൽനിന്നും സ്രൂഷ്ടിക്കപ്പെട്ട മർത്യർ മണ്ണിലേക്കുതന്നെ മടങ്ങുമെന്നുള്ള തിരുവചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് നെറ്റിയിൽ ചാരംകൊണ്ടുള്ള കുരിശുവരച്ചും, അനുതാപത്തിന്റെ അടയാളമായി രുക്കൻ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടും നോമ്പിനെ സ്വജീവിതത്തിലേക്ക് സ്വീകരിക്കുന്നു. ഏകദിന ഉപവാസം (ഒരിക്കൽ അഥവാ ഒരുനേരം), മൂന്നു നോമ്പ്, എട്ടു നോമ്പ്, ഇരുപത്തിയഞ്ചു നോമ്പ്, നാൽപ്പത് നോമ്പ്, അൻപതു നോമ്പ് എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള നോമ്പുകൾ ആദിമ കാലം മുതൽ സഭാമക്കൾ ആചരിച്ചു വരുന്നുണ്ട്.

ക്രൈസ്തവേതര മതങ്ങളും വിവിധ തരത്തിലൂള്ള ഉപവാസരീതികൾ അനുശാസിക്കുന്നുണ്ട്. ഓരോ നോമ്പും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് ആചരിക്കുന്നത്. ശരീരത്തെയും, മനസിനെയും ശുദ്ധീകരിച്ച് ഈശ്വര സന്നിധിയിലേക്ക് കൂടുതൽ അടുക്കുക എന്നുള്ള ലക്ഷ്യസാക്ഷാൽക്കാരമാണ് എല്ലാ ഉപവാസങ്ങളുടെയും കാതൽ.

vachakam
vachakam
vachakam

ജോസ് മാളേയ്ക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam