ഫ്ളോറിഡ: ഫോമാ 2026-2028 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 'ടീം പ്രോമിസ് ' ശക്തമായ നേതൃത്വനിരയെ അണിനിരത്തിയിരിക്കുകയാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നേതാക്കളാണ് ഈ പാനലിലുള്ളതെന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളെ ഒരേ വേദിയിൽ അണിനിരത്തിയാണ് ടീം പ്രോമിസ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സംഘടനാ പ്രവർത്തനം, മാധ്യമരംഗം, സാമൂഹ്യസേവനം, യുവജന നേതൃത്വം, സാമ്പത്തിക സുതാര്യത, വനിതാ ശാക്തീകരണം, സാംസ്കാരിക പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഈ പാനലിലെ സ്ഥാനാർത്ഥികൾ.
മാത്യു വർഗീസ് (ജോസ് ഫ്ളോറിഡ): അനുഭവസമ്പത്തിന്റെ കരുത്ത്
ടീം പ്രോമിസിന്റെ മുഖ്യശക്തി പ്രസിഡന്റ് സ്ഥാനാർത്ഥിയായ മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ) ആണ്. നാല് പതിറ്റാണ്ടിലേറെ അമേരിക്കൻ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം സമൂഹസേവനവും സംഘടനാ പ്രവർത്തനവും ഒരുപോലെ ജീവിതദൗത്യമായി ഏറ്റെടുത്ത വ്യക്തിയാണ്. രണ്ടു പതിറ്റാണ്ടിലേറെ ഏഷ്യാനെറ്റ് യു.എസ്.എയുടെ ഓപ്പറേഷൻസ് മാനേജരായി പ്രവർത്തിച്ച അദ്ദേഹം മാധ്യമരംഗത്ത് മാത്രമല്ല, പ്രവാസി സമൂഹത്തെ ബന്ധിപ്പിക്കുന്ന പാലമായും ശ്രദ്ധേയനായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്ന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തിരിക്കുന്നത്.
ഫൊക്കാന ട്രഷറർ, തുടർന്ന് സംഘടനാ വിഭജനത്തിനുശേഷം ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ, ഫോമാ മിയാമി കൺവെൻഷൻ ചെയർമാൻ, ഫോമാ പി.ആർ.ഒ തുടങ്ങി നിരവധി നിർണായക ചുമതലകൾ അദ്ദേഹം വിജയകരമായി നിർവഹിച്ചു. അതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റും അഡൈ്വസറി ബോർഡ് ചെയർമാനുമായി പ്രവർത്തിച്ച അനുഭവവും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന് കരുത്തേകുന്നു. സത്യസന്ധത, സുതാര്യത, ഐക്യം, കഠിനാധ്വാനം, എല്ലാവരെയും കേൾക്കുന്ന നേതൃത്വശൈലി എന്നിവയാണ് മാത്യു വർഗീസിന്റെ മുഖമുദ്ര. ഫോമയെ കൂടുതൽ ജനകീയവും യുവജനസൗഹൃദവും ഭാവിയെ മുൻകൂട്ടി കാണുന്ന സംഘടനയുമാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
അനു സ്കറിയ: യുവജനങ്ങളുടെ ശബ്ദം
സംഘടനാ പ്രവർത്തനത്തിൽ ഊർജസ്വലതയും കാര്യക്ഷമതയും കൈകോർക്കുന്ന നേതാവാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി അനു സ്കറിയ. 2003ൽ യുവജന നേതൃനിരയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഫിലാഡൽഫിയ മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഫോമാ നാഷണൽ യൂത്ത് ഫോറം ചെയർമാൻ, ഫോമാ ഇലക്ഷൻ കമ്മീഷണർ, സമ്മർ ടു കേരള സ്റ്റുഡന്റ് പ്രോഗ്രാം ദേശീയ ചെയർമാൻ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിച്ചു.
2018ലെ കേരള പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. സംഘടനാ മികവും ആസൂത്രണശേഷിയും യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതൃത്വവുമാണ് അനു സ്കറിയയുടെ ശക്തി.
ബിനോയ് തോമസ്: സാമ്പത്തിക അച്ചടക്കത്തിന്റെ പ്രതീകം
സാമ്പത്തിക കാര്യങ്ങളിൽ കൃത്യതയും ഉത്തരവാദിത്വബോധവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്. സ്റ്റാറ്റൻ ഐലൻഡ് കേരള സമാജത്തിന്റെ ട്രഷറർ, പ്രസിഡന്റ് എന്നീ നിലകളിൽ സംഘടനയെ ശക്തിപ്പെടുത്തിയ അദ്ദേഹം പിന്നീട് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ട്രഷററായും റീജിയണൽ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് മെട്രോ റീജിയൻ ഫോമയുടെ മികച്ച റീജിയൻ പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ സംഘാടന മികവിന്റെ അംഗീകാരമായി വിലയിരുത്തപ്പെടുന്നു. സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തപരമായ ധനകാര്യ സംവിധാനവുമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
ജോൺസൺ ജോസഫ്: നിസ്വാർത്ഥ സേവനത്തിന്റെ മാതൃക
സേവനത്തെ അധികാരമായി കാണാതെ ഉത്തരവാദിത്വമായി കാണുന്ന നേതാവാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോൺസൺ ജോസഫ്. ഒരുമ മലയാളി അസോസിയേഷനിൽ പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി, കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളിൽ പതിനാറ് വർഷത്തിലേറെ പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഫോമാ വെസ്റ്റേൺ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റായും ദേശീയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സമൂഹത്തെയും സഭയെയും ഒരുപോലെ സേവിച്ച അദ്ദേഹത്തിന്റെ സമർപ്പിത പ്രവർത്തനശൈലി ടീമിന് വലിയ കരുത്താണ്.
രേഷ്മ രഞ്ജൻ: സാഹിത്യവും സേവനവും കൈകോർക്കുന്ന നേതൃത്വം
അധ്യാപിക, എഴുത്തുകാരി, എഡിറ്റർ, സംഘാടിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി രേഷ്മ രഞ്ജൻ. ഫോമയുടെ വിവിധ പദ്ധതികളിൽ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ കോ -ഓർഡിനേറ്റർ, മായൂഘം കണ്ടന്റ് റൈറ്റർ, ഗാന്ധിഭവൻ ബാലമന്ദിരം പ്രോജക്ട് കോ -ഓർഡിനേറ്റർ, വനിതാ ശാക്തീകരണ പദ്ധതികളുടെ കോ -ഓർഡിനേറ്റർ, വിമൺസ് ഫോറം സെക്രട്ടറി, പി.ആർ. ടീം അംഗം, സമ്മർ ടു കേരള പ്രോഗ്രാം കോ -ഓർഡിനേറ്റർ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. സാഹിത്യസമ്പന്നമായ ആശയവിനിമയശേഷിയും സ്ത്രീകളെയും യുവതലമുറയെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ദീർഘവീക്ഷണവുമാണ് രേഷ്മയുടെ പ്രത്യേകത.
ടിറ്റോ ജോൺ: യുവതലമുറയുടെ പ്രതീക്ഷ
ഫോമയുടെ വിവിധ തലങ്ങളിൽ സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചവച്ച യുവ നേതാവാണ് ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ടിറ്റോ ജോൺ. യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി അംഗമായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സൺഷൈൻ റീജിയൻ ട്രഷറർ, റീജിയൻ ചെയർമാൻ, ദേശീയ കമ്മിറ്റി അംഗം തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചു. സാമ്പത്തിക അച്ചടക്കവും സംഘാടന ശേഷിയും യുവജനങ്ങളുമായുള്ള മികച്ച ബന്ധവുമാണ് അദ്ദേഹത്തിന്റെ കരുത്ത്.
ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
