മിൽവാക്കി: അപ്പസ്‌തോലനായ വി.തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസപൈതൃകവും പാരമ്പര്യവും ജീവസ്സുറ്റതും അമൂല്യവുമാണെന്ന് മിൽവാക്കി ആർച്ചു ബിഷപ്പ് ജെഫ്‌റി എസ് ഗ്രോബ് പറഞ്ഞു. വിസ്‌കോൺസിൻ സീറോമലബാർ മിഷനിൽ പ്രധാനതിരുനാളിനോട് അനുബന്ധിച്ചുനടന്ന ആഘോഷപൂർവ്വകമായ കുർബ്ബാനക്ക് കാർമ്മികത്വംവഹിച്ചു സന്ദേശം നൽകുകയായിരുന്നു അഭിവന്ദ്യപിതാവ്.
ഉത്ഥിതനായ മിശിഹായെ മറ്റുള്ളവർക്കൊപ്പം ദർശിക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ടതിൽ ശ്‌ളീഹായിൽ പ്രകടമായ നിരാശയും ദുഖവും ശാഠ്യവും ഗുരുസ്‌നേഹത്തിന്റെ അനന്തമായ ആഴവും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നതാണ്. തോമാശ്ലീഹായുടെ അഭിലാഷം മിശിഹാ പിന്നീട് സമൂഹമധ്യേ പൂർത്തീകരിക്കുന്നതായി സുവിശേഷത്തിൽ നാം കാണുന്നു.
വിശുദ്ധ അന്തോണീസിന്റേയും തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാൻ എത്തിച്ചേർന്ന ആർച്ചുബിഷപ്പിനെയും ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോയ് ആലപ്പാട്ടിനെയും മിഷൻ ഡയറക്ടർ റവ. ഫാ. നവീൻ പള്ളുരത്തിൽ, പാരിഷ് പാസ്റ്റർ റവ. ഫാ. പി.സി തോമസ് പള്ളോട്ടൈൻ, ട്രസ്റ്റി വിൻസെന്റ് സഖറിയാസ്, സി. സ്മിത പാറപ്പുറം സിഎംസി, തിരുനാൾ പ്രസുദേന്തി ബൈജു&സ്മിത വയലിൽ എന്നിവരുടെ നേതൃത്വത്തിൽ വിസ്‌കോൺസിനിലെ സീറോമലബാർ സഭയിലെ വൈദീകരും കന്യാസ്ത്രീകളും ഉൾപ്പെട്ട വിശ്വാസസമൂഹം ഒന്നുചേർന്ന് സ്വീകരിച്ചു.
തുടർന്ന് കേരളീയ തനിമയോടുകൂടി ഷിക്കാഗോയിലെ 'മേളം' ഗ്രൂപ്പ് നേതൃത്വം നൽകിയ കർണ്ണാനന്ദകരമായ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ വിശിഷ്ടാതിഥികളെ ഊഷ്മളമായി സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിച്ചു. അഭിവന്ദ്യപിതാക്കന്മാർക്കും വിശ്വാസസമൂഹത്തിനും തിരുനാൾകമ്മറ്റി കൺവീനർ തോമസ് ഡിക്രൂസ് തറപ്പിൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ആഘോഷപൂർവ്വകമായ തിരുനാൾകുർബാനക്ക് അഭിവന്ദ്യ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.
വിസ്‌കോൺസിനിൽ സേവനം ചെയ്യന്ന സീറോമലബാർ വൈദീകർ സഹകാർമികരായി. മലയാളം, സുറിയാനി, ഇംഗ്ലീഷ് ഭാഷകളിൽ കുർബാനയിൽ ആലപിച്ച മനോഹരമായ ആരാധനക്രമഗീതങ്ങൾ തദ്ദേശീയർ ഉൾപ്പെട്ട വിശ്വാസസമൂഹത്തിന് പുതിയ അനുഭവമായി.
കുർബാന അനന്തരം നടന്ന ഭക്തിപൂർവ്വമായ തിരുനാൾ പ്രദക്ഷിണത്തിൽ അഭിവന്ദ്യപിതാക്കന്മാർ ലുത്തിനിയ ഗീതത്തോടൊപ്പം ഉടനീളം പങ്കെടുത്തു. തുടർന്ന് പാരിഷ് ആഡിറ്റോറിയത്തിൽ നടന്ന കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവക്ക് പാരിഷ് കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ പോളി, അൽഫോൻസ ജോൺപോൾ, ഷൈനി പി കുര്യൻ, രേഷ്മ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
ഷിക്കാഗോയിൽ ഒരേകാലത്തു സഹായമെത്രാന്മാർ ആയിരിക്കുമ്പോൾ ആർച്ചുബിഷപ് ഗ്രോബുമായി സൂക്ഷിച്ചുപോന്ന സൗഹൃദം ബിഷപ് ജോയ് ആലപ്പാട്ട് ഓർമ്മിച്ചു.
തിരുനാളിനോട് അനുബന്ധിച്ചു എൽറോയ് കോലഞ്ചേരി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. വിസ്‌കോൺസിൻ സീറോ മലബാർ മിഷൻ ഡയറക്ടർ റവ. ഫാ നവീൻ പള്ളുരത്തിൽ തിരുനാളിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്