വാഷിംഗ്ടണ്‍: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന ഫെഡറല്‍ സാമ്പത്തിക സഹായം തടയുമെന്ന് വ്യക്താമാക്കി യുഎസ് നീതിന്യായ വകുപ്പ്. പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ഫണ്ട് ഇനിമുതല്‍ ഈ നിബന്ധനയ്ക്ക് വിധേയമായിരിക്കും എന്ന് പുതിയ നിയമോപദേശത്തിലൂടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.
1998 ല്‍ ഓഫീസ് ഓഫ് ലീഗല്‍ കൗണ്‍സെല്‍ പുറപ്പെടുവിച്ച മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിഒജെ പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള താല്‍ക്കാലിക സാമ്പത്തിക സഹായ പദ്ധതിയായ 'ടാന്‍ഫ്', സപ്ലിമെന്ററി സെക്യൂരിറ്റി ഇന്‍കം എന്നിവ നടപ്പിലാക്കുന്ന പ്രത്യേക ഏജന്‍സികള്‍ക്ക് മാത്രമായിരുന്നു മുന്‍പ് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ 1996 ലെ നിയമത്തിലെ 'സ്റ്റേറ്റ്' എന്ന പദത്തിന്റെ പരിധിയില്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെടുമെന്ന് പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ട്, ഫെഡറല്‍ഫണ്ട് സ്വീകരിക്കുന്ന ഒരു സ്റ്റേറ്റിന്റെ പരിധിയിലുള്ള മുഴുവന്‍ വകുപ്പുകളും സര്‍വീസുകളും അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പൂര്‍ണ്ണ ബാധ്യസ്ഥരാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
സാധാരണക്കാരായ അമേരിക്കന്‍ പൗരന്മാരുടെ ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്ന നികുതിപ്പണം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വിനിയോഗിക്കാന്‍ അനുവദിക്കില്ലെന്നും, രാജ്യത്തെ നിയമങ്ങളും അതിര്‍ത്തി സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ടി. എലിയറ്റ് ഗൈസര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വ്യവസ്ഥ പൂര്‍വ്വകാല പ്രാബല്യത്തോടെയല്ല നടപ്പിലാക്കുന്നതെന്നും, മുന്നോട്ടുള്ള എന്റോള്‍മെന്റുകള്‍ക്ക് മാത്രമായിരിക്കും ബാധകമാകുകയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
പ്രതിവര്‍ഷം 16.4 ബില്യണ്‍ ഡോളറിലധികം കേന്ദ്ര സഹായം നല്‍കുന്ന ടാന്‍ഫ് പദ്ധതിയില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും പങ്കാളികളാണ്. അതിനാല്‍ തന്നെ നിയമത്തിലെ ഈ കര്‍ശന വ്യവസ്ഥകള്‍ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അതേസമയം, ഫെഡറല്‍ സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ പ്രമുഖ സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
