ന്യൂയോര്‍ക്ക്: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ മാരകമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച തീവ്ര മതവാദിക്ക് 25 വര്‍ഷം തടവ് ശിക്ഷ. സല്‍മാന്‍ റുഷ്ദിയെ കത്തികൊണ്ട് ക്രൂരമായി ആക്രമിച്ച 27 കാരനായ ഹാദി മതറിനെയാണ് ന്യൂയോര്‍ക്കിലെ ചൗതൗക്വ കോടതി ശിക്ഷിച്ചത്. കൊലപാതകശ്രമത്തിനും ആക്രമണത്തിനുമാണ് ശിക്ഷ.
2022 ഓഗസ്റ്റില്‍ എഴുത്തുകാരന്‍ ചൗതൗക്വ ഇന്‍സ്റ്റിറ്റിയൂഷന്‍ വേദിയില്‍ ഒരു സദസ്സിനെ അഭിസംബോധന ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്.
മുഖത്തും കഴുത്തിലും നിരവധി തവണ കുത്തേറ്റതിനാല്‍ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. കൈയിലെ നാഡിക്ക് പരിക്കേറ്റതിനാല്‍ ഒരു കൈ തളര്‍ന്നു. കരളിന് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു.
വേദിയിലുണ്ടായിരുന്ന മറ്റൊരു വ്യക്തിക്ക് പരിക്കേല്‍പ്പിച്ചതിന് 7 വര്‍ഷത്തെ തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഭീകരവാദ കുറ്റങ്ങളും മതര്‍ നേരിടുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യങ്ങളെ കുറിച്ചുള്ള കേസാണിത്. റുഷ്ദിയെ കൊലപ്പെടുത്തണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മതപുരോഹിതന്‍ പുറപ്പെടുവിച്ച ഫത്വയാണ് മതാറിന് പ്രേരണയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
77 കാരനായ റുഷ്ദി തന്നെയായിരുന്നു കേസിലെ പ്രധാന സാക്ഷി. മാസ്‌ക് ധരിച്ച അക്രമി തലയിലും ശരീരത്തിലും ഡസനിലേറെ തവണ കുത്തിയപ്പോള്‍ താന്‍ മരിച്ചുപോവുമെന്നാണ് കരുതിയതെന്ന് റുഷ്ദി കോടതിയില്‍ പറഞ്ഞു.
തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായ റുഷ്ദിയുടെ വിവാദ നോവലായ ദി സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞാണ് ആക്രമണം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്