ഷുഗർലാൻഡ്, ടെക്‌സാസ്: ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ശമ്പള തുക മുഴുവൻ സാമൂഹ്യ സംഘടനകൾക്ക് ദാനം നൽകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹം വോട്ടർമാരോട് പറഞ്ഞ കാര്യമാണ് 'പണമല്ല സേവനം മാത്രമാണ് എന്റെ ലക്ഷ്യം' എന്ന്. പറഞ്ഞാൽ അത് പ്രവർത്തിക്കുമെന്ന് അദ്ദേഹം തെളിയിച്ചത് വിളിച്ചു കൂട്ടിയ മാധ്യമപ്രവർത്തകരുടെ മുൻപിലും.
മറ്റു പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രീസിങ്ട് 3 ക്യാപ്ടൻ മനോജ് പൂപ്പാറയിലും (മനു പി) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വൻപിച്ച ഭൂരിപക്ഷത്തോടെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രീസിങ്ട് മൂന്ന് കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ട അലി ഷെയ്ഖാനി തന്റെ മൂന്നു മാസത്തെ ഭരണ നേട്ടങ്ങൾ വിവരിക്കാനായി വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹത്തിന് ലഭിച്ച ആറു പേ ചെക്കുകൾ ഓരോന്നും ആറു സംഘടനകൾക്ക് നൽകി മാതൃകയായി. ഓരോ ചെക്കും 4125 ഡോളർമുതൽ 4387 ഡോളർ വരെ തുകയുള്ളവയായിരുന്നു.
ഫോട്‌ബെൻഡ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളായ ചൈൽഡ് അഡ്വക്കേറ്റ്‌സ് ഓഫ് ഫോർട്ട് ബെൻഡ്, ദി ആർക്ക് ഫൌണ്ടേഷൻ, ഫോർട്ട് ബെൻഡ് പാവ്‌സ് (Paws), അമേരിക്കൻ ലിജിയൻ വെറ്ററൻസ് പോസ്റ്റ് 942, ഹിസ്പാനിക് ഹെറിറ്റേജ് അലയൻസ്, ഫാമിലി ലൈഫ് ആൻഡ് കമ്മ്യൂണിറ്റി റിസോർസ് സെന്റർ എന്നീവയുടെ പ്രതിനിധികൾ ചെക്കുകൾ ഏറ്റുവാങ്ങി.
തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു തുക നീക്കിവച്ചു ആവശ്യക്കാരെ സഹായിച്ചു പോന്നിരുന്ന അമ്മയാണ് തന്റെ മാർഗ്ഗദീപം എന്നും മാതാവിന്റെ പേരിൽ ഒരു ചാരിറ്റി പ്രസ്ഥാനം നടത്തിവരുന്നതായും മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അലി പറഞ്ഞു.
പോലീസുകാർ സാധാരണ ടിക്കറ്റ് ആണ് കൊടുക്കാറുള്ളതെന്നും ആദ്യമായാണ് ചെക്ക് കൊടുക്കുന്ന പോലീസിനെ കാണുന്നത് എന്നും 'നേർകാഴ്ച' ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ പറഞ്ഞപ്പോൾ തന്റെ ഓഫീസർമാർ ടിക്കറ്റ് എഴുതുന്നതും കുറച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേനയിലെ ക്യാ്ര്രപൻ മനോജിന്റെ നേതൃത്വത്തിൽ ജനുവരി മുതൽ മാർച്ച് മുപ്പത്തിഒന്നുവരെ മൂവായിരത്തിലധികം നിയമലംഘനങ്ങളിൽ വെറും 83 ട്രാഫിക് ടിക്കറ്റുകളാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.
ബാക്കിയുള്ളവരെ കാര്യങ്ങൾ ബോദ്ധ്യപെടുത്തി പറഞ്ഞയക്കുകയാണ് ചെയ്തത്. പോലീസ് ഫോഴ്‌സിന്റെ മാതൃകാപരമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന മനോജിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കാൻ അദ്ദേഹം മറന്നില്ല. പോലീസ് എന്നത് ഭയപ്പെടുത്താനല്ല പകരം സൗഹൃദത്തിലൂടെ ബോധവൽക്കരിക്കാനാണ് ശമിക്കുന്നതു എന്ന് ക്യാപ്ടൻ മനോജ് പറഞ്ഞു.
പെട്രോളിങിലുള്ള ഉദ്യോഗസ്ഥന്മാരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും സമൂഹവുമായി ചേർന്ന് കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അലി പറഞ്ഞു. തങ്ങളുടെ പ്രവർത്തന പരിധിക്കുള്ളിലുള്ള ആർക്കും ഏതു സമയത്തും തന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നു അലി ഷെഖാനി അറിയിച്ചു.
അനിൽ ആറന്മുള
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്