മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന മാരക പരാദപ്രാണിയായ 'ന്യൂ വേൾഡ് സ്ക്രൂവേം' അമേരിക്കയിലും എത്തിയതായി സംശയം. ടെക്സസ് സംസ്ഥാനത്ത് ഇത്തരമൊരു ബാധ സംശയിക്കുന്നതായി യു.എസ് കൃഷി വകുപ്പ് ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ ആഴ്ച യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ പ്രദേശത്ത് ഈ പരാദത്തെ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ടെക്സസിലും ഇതിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെക്സിക്കൻ അതിർത്തിയിൽ നിന്ന് 50 മൈൽ മാത്രം അകലെയുള്ള തെക്കുപടിഞ്ഞാറൻ ടെക്സസിലെ 'ലാ പ്രയോർ' (La Pryor) എന്ന ചെറിയ ഗ്രാമത്തിലെ ഒരു കന്നുകാലി ഫാമിലെ പശുക്കിടാങ്ങളിലാണ് രോഗബാധ സംശയിക്കുന്നത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകൾ സ്ഥിരീകരണത്തിനായി അയോവയിലെ യുഎസ്ഡിഎ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
"സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ഫീൽഡ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു," യുഎസ്ഡിഎ തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികളുമായി ചേർന്ന് ഈ ഭീഷണിയെ ചെറുക്കാൻ മുന്നിട്ടിറങ്ങുമെന്ന് ടെക്സസ് ജനപ്രതിനിധി ഡോൺ മക്ലോഗ്ലിൻ എക്സിൽ (X) കുറിച്ചു.
എന്താണ് 'ന്യൂ വേൾഡ് സ്ക്രൂവേം'?
ചൂടുരക്തമുള്ള മൃഗങ്ങളുടെയോ മനുഷ്യരുടെയോ ശരീരത്തിലെ തുറന്ന മുറിവുകളിലോ കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ശരീരദ്വാരങ്ങളിലോ ആണ് ഈ ഈച്ചകൾ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ജീവനുള്ള കോശങ്ങളും മാംസവും കാർന്നുതിന്നാൻ തുടങ്ങും. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമാകാം.
സാധാരണയായി തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമാണ് ഇവ കാണപ്പെടാറുള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇവ മധ്യ അമേരിക്കയിലേക്കും മെക്സിക്കോയിലേക്കും വടക്കോട്ട് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
