ഇലോൺ മസ്‌ക് വികസിപ്പിച്ച ഗ്രോക്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ ഉപയോഗിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഗൂഗിളിന്റെ ജനറേറ്റീവ് AI സംവിധാനത്തോടൊപ്പം ഗ്രോക്കും പെന്റഗൺ നെറ്റ്‌വർക്കിൽ പ്രവർത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ദക്ഷിണ ടെക്സസിലെ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയിൽ നടത്തിയ പ്രസംഗത്തിലാണ് ഹെഗ്‌സെത്ത് ഇത് വ്യക്തമാക്കിയത്. “വളരെ പെട്ടെന്ന് തന്നെ പ്രതിരോധ വകുപ്പിന്റെ എല്ലാ രഹസ്യവും രഹസ്യമല്ലാത്തതുമായ നെറ്റ്‌വർക്കുകളിൽ ലോകത്തിലെ ഏറ്റവും മുന്നേറിയ AI മോഡലുകൾ പ്രവർത്തിക്കും,” എന്നാണ് അദ്ദേഹം പറഞ്ഞത്.
സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും വലിയ തോതിലുള്ള ഡാറ്റ AI സംവിധാനങ്ങളിൽ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം. സൈന്യത്തിന്റെ IT സംവിധാനങ്ങളിൽ നിന്നുള്ള ആവശ്യമായ എല്ലാ വിവരങ്ങളും AI ഉപയോഗത്തിനായി നൽകുമെന്നും, ഇന്റലിജൻസ് ഡാറ്റാബേസുകളിലെ വിവരങ്ങളും AI-യിലേക്ക് ഉൾപ്പെടുത്തുമെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഗ്രോക്ക് ഈ മാസം തന്നെ പെന്റഗണിൽ പ്രവർത്തനം ആരംഭിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ ഗ്രോക്കിനെ സംബന്ധിച്ച് ലോകമെമ്പാടും വിമർശനം ഉയരുന്ന സമയത്താണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ലോട് ചേർത്തിരിക്കുന്ന ഗ്രോക്ക് ചില അവസരങ്ങളിൽ ആളുകളുടെ സമ്മതമില്ലാതെ അത്യന്തം ലൈംഗികത നിറഞ്ഞ ഡീപ്‌ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മലേഷ്യയും ഇന്തോനേഷ്യയും ഗ്രോക്ക് നിരോധിച്ചു. യുകെ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പണമടച്ച് ഉപയോഗിക്കുന്നവർക്കാണ് ചിത്ര നിർമ്മാണ സൗകര്യം അനുവദിച്ചിരിക്കുന്നത്.
AI ഉപയോഗം സംബന്ധിച്ച് മുൻപ് ഉണ്ടായിരുന്ന ബൈഡൻ ഭരണകൂടത്തിന്റെ സമീപനം കൂടുതൽ സൂക്ഷ്മമായിരുന്നു. AI ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും നിയമങ്ങളും നിയന്ത്രണങ്ങളും വേണമെന്ന നിലപാടായിരുന്നു അത്. ആണവായുധങ്ങൾ സ്വയം വിന്യസിക്കുന്നതുപോലുള്ള AI ഉപയോഗങ്ങൾ കർശനമായി നിരോധിച്ചിരുന്നു. ഇപ്പോഴത്തെ ട്രംപ് ഭരണകൂടത്തിൽ ഈ നിയന്ത്രണങ്ങൾ തുടരുന്നുണ്ടോ എന്നത് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
