ഫിലഡൽഫിയ/പാലാ: ഓർമ്മ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ പ്രസംഗമത്സരം സീസൺ 3യുടെ രണ്ടാംഘട്ടം പൂർത്തിയായി. സെക്കന്റ് റൗണ്ടിൽ മലയാളം ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച 130 മത്സരാർത്ഥികളിൽ നിന്നും 60 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളംജൂനിയർ സീനിയർ, ഇംഗ്ലീഷ് ജൂനിയർ സീനിയർ എന്നിങ്ങനെ നാല് വിഭാഗത്തിൽ നിന്നും 15 പേരെ വീതമാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത മത്സരാർത്ഥികളിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു. 2025 മെയ് 20 മുതൽ ജൂലൈ 5 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാർത്ഥികളാണ് സീസൺ 3ൽ പങ്കെടുത്തത്. ഒന്നും രണ്ടും സീസണുകൾ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസൺ 3ലേക്കുള്ള മത്സരാർത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്. ജൂനിയർ വിഭാഗത്തിൽ ഏഴാം ക്‌ളാസ്സു മുതൽ പത്താംക്ലാസ്സുവരെയും സീനിയർ വിഭാഗത്തിൽ പതിനൊന്നു മുതൽ ഡിഗ്രി ഫൈനൽ ഇയർവരെയും പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
രണ്ടാംറൗണ്ടിൽ മത്സരാർത്ഥികൾക്ക് സൗജന്യമായി ഓൺലൈൻ പബ്ലിക് സ്പീക്കിംഗ് പരിശീലനം സംഘാടക സമിതി നൽകിയിരുന്നു. സിനർജി എച്ച്ആർ കൺസൾട്ടൻസിയിൽ നിന്നുള്ള ഡോ. ബെന്നി കുര്യൻ, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേർസ്. ജോർജ് കരുനക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ മെന്റേർസും.
ആഗസ്റ്റ് 8, 9 തിയതികളിൽ പാലായിൽ വെച്ചാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. ആഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മത്സരാർത്ഥികൾക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്‌ട്രേഷൻ ഫീസും ഈടാക്കാതെയാണ് ഓർമ്മ ടാലന്റ് പ്രൊമോഷൻ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതൽ ഫൈനൽ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാർഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാർത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ഹരി പി.വി, വൈഷ്ണവി പണിക്കർ എന്നിവർ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും. ഓർമ്മ ഇന്റർനാഷണൽ പ്രസംഗ മത്സരത്തിന്റെ സീസൺ 1ൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകിയതെങ്കിൽ സീസൺ 3ൽ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ 2025' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയർ വിഭാഗത്തിൽ മലയാളം ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും.
ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർത്ഥികൾക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാർനെറ്റ് ബുക്‌സ്, കരിയർ ഹൈറ്റ്‌സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓർമ്മ ഇന്റർനാഷണൽ സീസൺ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആർഡിഒഎയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അജയ് നായർ, ഹോളി ഫാമിലി യൂണിവേഴ്‌സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്‌വൈസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയിൽ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്. അറ്റോണി ജോസഫ് കുന്നേൽ (കുന്നേൽ ലോ, ഫിലാഡൽഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടർ, കാർനെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്‌കുലർ മെഡിസിൻ), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്റ്റ്) ഷൈൻ ജോൺസൺ (റിട്ട. HM, SH ഹയർ സെക്കൻഡറി സ്‌കൂൾ, തേവര), എന്നിവരാണ് ഡയറക്ടർമാർ. എബി ജെ ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ) സെക്രട്ടറി, ഷാജി അഗസ്റ്റിൻ ഫിനാൻഷ്യൽ ഓഫീസർ, എയ്മിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്) യൂത്ത് കോർഡിനേറ്റർ.
സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷിൻ പ്‌ളാമൂട്ടിൽ (ട്രഷറർ), പി.ആർ.ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്‌ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓർമ കേരള ചാപ്ടർ പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.
ഓർമ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രൊമോട്ടർമാരുടേയും ബിസിനസ് സ്‌പോൺസർമാരുടെയും പിന്തുണയുണ്ട്. 2009ൽ അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് ഓർമ്മ ഇന്റർനാഷണൽ എന്ന ഓവർസീസ് റസിഡന്റ് മലയാളീ അസ്സോസിയേഷൻ പ്രവർത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്ടറുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.
മെർലിൻ മേരി അഗസ്റ്റിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്