ഡാളസ്: ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നത്. അർത്ഥവത്തായ ആരാധനയ്ക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് റവ. എബ്രഹാം വി. സാംസൺ (വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി) ഉദ്‌ബോധിപ്പിച്ചു.
നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഘവാര കൺവെൻഷന്റെ സെപ്തംബർ 29നു വൈകീട്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ നടന്ന പ്രാരംഭ യോഗത്തിൽ മീഖാ പ്രവാചകന്റെ പുസ്തകത്തിലെ ആശയങ്ങളെ അടിസ്ഥാനമാക്കി വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.
'നീതി പ്രവർത്തിക്കുവാനും, ദയയെ സ്‌നേഹിക്കുവാനും, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ യഹോവ നിന്നോട് ചോദിക്കുന്നതെന്ത്?'മീഖായുടെ പ്രവചന പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ അന്നത്തെ ഭരണാധികാരികളുടെയും മാതാപിതാക്കളുടെയും സാമൂഹിക വൈകല്യങ്ങളെയും അനീതികളെയും ശക്തമായി വിമർശിക്കുന്നു. ശേഷമുള്ള ഭാഗങ്ങൾ പ്രത്യാശയും പ്രതീക്ഷയും നൽകുന്നതായും അച്ചൻ ചൂണ്ടിക്കാട്ടി.
നീതി എന്ന വാക്കിന്, അർഹിക്കുന്നവർക്ക് അവകാശം നൽകുക എന്ന ഒരർത്ഥം കൂടിയുണ്ട്. മുറിവേറ്റവരെ സഹായിക്കുക: നാം അറിയാതെയും അറിഞ്ഞും മുറിവേൽപ്പിക്കുന്നവരുണ്ട്. മുറിവേറ്റ സഹോദരന് വേണ്ടിയാണ് സമയം നൽകേണ്ടതും സ്‌നേഹിക്കേണ്ടതും.
നല്ല ശമരിയാക്കാരനെപ്പോലെ മുറിവേറ്റവന് ഇടം നൽകുന്നവരാണ് യഥാർത്ഥ നീതി പ്രവർത്തിക്കുന്നവരെന്നും അച്ചൻ കൂട്ടിച്ചേർത്തു. ഡാളസ് സെന്റ് പോൾസ് മാർത്തോമാ പ്രസിഡന്റ് റവ. റെജിൻ രാജു അച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ഗായക സംഘത്തിന്റെ ഗാനാലാപത്തോടു യോഗം ആരംഭിച്ചു. ഡാളസ് സെന്റ് പോൾസ് ഇടവക പാരിഷ് മിഷൻ സെക്രട്ടറി അലക്‌സാണ്ടർ ഫിലിപ്പ് സ്വാഗതം ആശംസിച്ചു ഗ്രേസി അലക്‌സാണ്ടർ കെ. എസ്. മാത്യു, ലീന പണിക്കർ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി.
തുടർന്നു നിശ്ചയിക്കപ്പെട്ട പാഠഭാഗം ഗ്രേസി മാത്യു വായിച്ചു. രാജൻ കുഞ്ഞു ചിറയിലിന്റെ പ്രാർഥനക്കും റവ. എബ്രഹാം വി. സാംസൺ അച്ചന്റെ ആശീർവാദത്തിനും യോഗം സമാപിച്ചു. പങ്കെടുത്ത എല്ലാവർക്കും ഡിന്നറും ഒരുക്കിയിരുന്നു.
റവ. റെജിൻ രാജു, റവ. റോബിൻ വർഗീസ് എന്നിവരും ഡാളസ്സിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി പേരും യോഗത്തിൽ പങ്കെടുത്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്