കലിഫോര്‍ണിയ: മില്‍പീറ്റസിനെ നടുക്കിയ മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു. ഉറ്റസുഹൃത്തുക്കളായ തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അനില ബേബിയെ (32) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ദാരുണമായ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ യുഎസ് പൊലീസ് ഇനിയും തയ്യാറായിട്ടില്ല.
അപ്പാര്‍ട്‌മെന്റിനുള്ളില്‍ വച്ച് ആന്‍ മേരിക്ക് കത്തിക്കുത്തേല്‍ക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഒപ്പം താമസിച്ചിരുന്ന അഞ്ജനയെ താഴത്തെ പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി അനില കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. രണ്ട് കൃത്യങ്ങളും നടത്തിയത് കസ്റ്റഡിയിലുള്ള അനില തന്നെയാണെന്ന് വ്യക്തമായ സൂചനകളുണ്ടെങ്കിലും, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ച ശേഷമേ ഔദ്യോഗിക സ്ഥിരീകരണം നല്‍കാനാവൂ എന്ന നിലപാടിലാണ് മില്‍പീറ്റസ് പൊലീസ്.
വര്‍ഷങ്ങളായി ബെംഗളൂരുവിലും തുടര്‍ന്ന് നാലു വര്‍ഷമായി ഭര്‍ത്താവിനും നാലു വയസ്സുള്ള കുട്ടിക്കുമൊപ്പം യുഎസിലും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അനില. അനിലയുടെ മാതാപിതാക്കള്‍ സംഭവ സമയത്ത് യുഎസില്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും നാടുകളിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരുന്ന ദിവസമാണ് ഈ ക്രൂരകൃത്യം നടന്നത്. ഉറ്റസുഹൃത്തുക്കളായ യുവതികള്‍ക്കിടയില്‍ പെട്ടെന്നുണ്ടായ തര്‍ക്കമാണോ അതോ മറ്റ് എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാകാത്തത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കാന്‍ പൊലീസ് കൗണ്‍സലിങ് അടക്കമുള്ള നിയമസഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തൂ എന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
