അമേരിക്കയിലെ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് പുതിയ തൊഴിൽ നിയന്ത്രണങ്ങൾക്ക് നീക്കവുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം. എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാൻ അനുവാദം നൽകുന്ന എച്ച്-4 എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇഎഡി) വിസ ആനുകൂല്യം പൂർണ്ണമായും റദ്ദാക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ നിയമനിർമ്മാണ നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് റെഗുലേറ്ററി ഏജൻസി വ്യക്തമാക്കി.
ഇതോടെ പതിനായിരക്കണക്കിന് ഭാരതീയ കുടുംബങ്ങളുടെ തൊഴിൽ സാധ്യതകളും സാമ്പത്തിക ഭദ്രതയും വൻ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുൻപ് ഒബാമ ഭരണകൂടത്തിന്റെ കാലത്താണ് എച്ച്-1ബി വിസക്കാരുടെ യോഗ്യതയുള്ള പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് എച്ച്-4 ഇഎഡി പദ്ധതി നടപ്പിലാക്കിയത്. ഈ നയമാണ് ഇപ്പോൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയിൽ എച്ച്-4 വിസയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും ഭാരതീയരാണ്.
യുഎസ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സ് വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട നിയമം നിലവിൽ വന്നാൽ വിദേശ തൊഴിലാളികളുടെ പങ്കാളികൾക്ക് തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യാൻ സാധിക്കില്ല. എന്നാൽ നിലവിലുള്ള പെർമിറ്റുകൾ ഉടൻ റദ്ദാകില്ലെന്നും പ്രാബല്യത്തിൽ വരാൻ മാസങ്ങളെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിയമം നടപ്പിലാക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണവും ഫെഡറൽ രജിസ്റ്ററിലെ പ്രസിദ്ധീകരണവും ആവശ്യമാണ്. അതിനാൽ നിലവിൽ എച്ച്-4 ഇഎഡി കൈവശമുള്ളവർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലീഗൽ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ദീർഘകാലമായി ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഭാരതീയ പ്രൊഫഷണലുകൾക്ക് ഇത് വലിയ പ്രഹരമായിരിക്കും.
കഴിഞ്ഞ കുറച്ചു നാളുകളായി വിദേശ തൊഴിലാളികൾക്കെതിരെയുള്ള കുടിയേറ്റ നിയമങ്ങൾ ട്രംപ് ഭരണകൂടം കൂടുതൽ കടുപ്പിച്ചു വരികയാണ്. എച്ച്-1ബി വിസകൾക്ക് ലക്ഷക്കണക്കിന് ഡോളർ അധിക ഫീസ് ഈടാക്കാനും 60 ദിവസത്തെ ഗ്രേസ് പിരീഡ് നിർത്തലാക്കാനും മുൻപ് നിർദ്ദേശങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പങ്കാളികളുടെ തൊഴിൽ അവകാശം കൂടി കവരുന്ന പുതിയ തീരുമാനം പുറത്തുവരുന്നത്.
English Summary: The Donald Trump administration is moving to revoke work authorization for H-4 visa holders in the United States. The Department of Homeland Security introduced a regulatory proposal to eliminate the H-4 EAD program, potentially impacting thousands of Indian families dependent on H-1B spouse employment.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, H1B Visa News, H4 EAD Work Permit, Trump Administration Immigration
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
