ഐസിഇ കസ്റ്റഡി മരണങ്ങള്‍: അമേരിക്കയ്‌ക്കെതിരെ 20 ക്രിമിനല്‍ പരാതികളുമായി മെക്‌സിക്കോ; ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടി

JULY 22, 2026, 8:06 PM

മെക്‌സിക്കോ സിറ്റി: അമേരിക്കയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡിയിലും റെയ്ഡുകളിലും മെക്‌സിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരെ മെക്‌സിക്കോ നിയമനടപടികള്‍ ശക്തമാക്കി. സംഭവത്തില്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനും വിവിധ പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ക്കും മുന്‍പാകെ മെക്‌സിക്കോ 20 ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിച്ചു. ഇതിനുപുറമേ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവിക്കും മെക്‌സിക്കോ ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുണ്ട്.

2025 മെയ് മാസത്തിന് ശേഷം ഐസിഇ നടപടികളിലും കസ്റ്റഡിയിലും 17 മെക്‌സിക്കന്‍ പൗരന്മാര്‍ മരണപ്പെട്ട സംഭവത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പ്രഖ്യാപിച്ച ശക്തമായ നിലപാടുകളുടെ തുടര്‍ച്ചയായാണ് ഈ നീക്കങ്ങള്‍. യു.എസിലെ മെക്‌സിക്കന്‍ സ്ഥാനപതി റോബര്‍ട്ടോ ലസേരിയാണ് എട്ട് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ക്കും 12 കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി 20 പരാതികള്‍ നല്‍കിയത്. അരിസോണ, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ജോര്‍ജിയ, ഇല്ലിനോയി, ലൂസിയാന, മിസോറി, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലാണ് പരാതി നല്‍കിയിരിക്കുന്നത്.

തൊട്ടടുത്ത ദിവസം മെക്‌സിക്കന്‍ എംബസി വഴി യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും ഔദ്യോഗിക പരാതി കൈമാറി. 17 മരണങ്ങളിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്വേഷണ പുരോഗതി നിരന്തരം അറിയിക്കണമെന്നും മെക്‌സിക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ കരാറുകാര്‍ നടത്തുന്ന തടങ്കല്‍ കേന്ദ്രങ്ങളിലെ അപര്യാപ്തമായ സാഹചര്യങ്ങളില്‍ കനത്ത ആശങ്ക രേഖപ്പെടുത്തിയ മെക്‌സിക്കന്‍ പ്രതിനിധികള്‍, ഓരോ മരണവും വേഗത്തില്‍ അന്വേഷിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടല്‍ ലക്ഷ്യമിട്ട് മെക്‌സിക്കന്‍ ഡെപ്യൂട്ടി ഫോറിന്‍ മിനിസ്റ്റര്‍ റോബര്‍ട്ടോ വെലാസ്‌കോ അല്‍വാരസ് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഫോള്‍ക്കര്‍ തുര്‍ക്കിന് കത്തയച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും, ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും യു.എന്നിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ ഐസിഇ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലൊറെന്‍സോ സല്‍ഗാഡോ അരാവുജോ എന്ന മെക്‌സിക്കന്‍ പൗരന്റെ മരണം വിഷയം കൂടുതല്‍ വഷളാക്കി. ഗ്വാട്ടിമാലന്‍ പൗരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഏജന്റുമാര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും കുടുംബങ്ങള്‍ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനും മെക്‌സിക്കന്‍ കോണ്‍സുലേറ്റ് രംഗത്തുണ്ട്. വെറും നയതന്ത്ര പ്രതിഷേധങ്ങള്‍ക്കപ്പുറം യു.എസ് കോടതികള്‍ വഴി കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മെക്‌സിക്കോയുടെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam