അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലിൽ, വിശുദ്ധ അഫ്രേം പിതാവിന്റെ ഓർമ്മപെരുന്നാൾ, ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ 2025 ജൂൺ 6,7 (വെള്ളി, ശനി) ദിവസങ്ങളിൽ നടത്തപ്പെടുന്നു.
ജൂൺ 6 വെള്ളിയാഴ്ച വൈകിട്ട് 6.20ന് വന്ദ്യ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മെത്രാപോലീത്താ കൊടി ഉയർത്തുന്നതോടെ, ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 6.30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് മുഖ്യപ്രഭാഷകനും കൗൺസിലിങ്ങ് രംഗത്തെ സജീവ സാന്നിദ്ധ്യവുമായ റവ. ഫാ. കെ.കെ. തോമസ് (കോട്ടയം ഭദ്രാസനം) മുഖ്യപ്രഭാഷണം നടത്തും.
ജൂൺ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും നടക്കും. ഭക്തിനിർഭരമായ ഈ പെരുന്നാളിൽ ആദ്യാവസാനം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. വർഗീസ് പോൾ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി അടുക്കും ചിട്ടയുമായി വിശ്വാസികൾ അണിനിരന്ന്, നടത്തപ്പെടുന്ന 'റാസ' പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ശനിയാഴ്ച വി. കുർബ്ബാനാനന്തരം നടത്തപ്പെടുന്ന സ്‌നേഹ വിരുന്നോടെ, പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. പെരുന്നാളിന്റെ സുഗമമായ നടത്തപ്പിനായി റവ. ഫാ. വർഗീസ് പോൾ (വികാരി), ജോബിൻ ഏലിയാസ് (സെക്രട്ടറി), റോയി പോൾ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിവരുന്നു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്