ഹരിപ്പാട്: ഹൈന്ദവ സമൂഹത്തിനു നൽകുന്ന മഹത്തരമായ സേവനങ്ങളെ പ്രകീർത്തിച്ച് മണ്ണാറശാല നാഗക്ഷേത്രം അധിപതിയായ മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ സനാതന സംസ്‌ക്രിതി പുരസ്‌കാരങ്ങളിൽ ഒന്നായ പരമാംബികാ പുരസ്‌കാരം നൽകി ആദരിച്ചു.
മെയ് 17ന് ശനിയാഴ്ച മണ്ണാറശാല ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.എച്ച്.എൻ.എ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് പുരസ്‌കാരം അമ്മക്ക് കൈമാറി. അമ്മക്ക് സംഘടനയുടെ ദക്ഷിണയായി ഒരുലക്ഷം രൂപ കെ.എച്ച്.എൻ.എ മുൻ പ്രസിഡന്റ് ഡോ. രാമദാസ് പിള്ള അമ്മയുടെ കൈകളിൽ സമർപ്പിച്ചു. കെ.എച്ച്.എൻ.എ.യുടെ സ്ഥാപക പ്രസിഡന്റ് മന്മഥൻ നായർ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അഡ്വ. ജി. മധുസൂദനൻ പിള്ള, കെ.എച്ച്.എൻ.എ ജോയിന്റ് സെക്രട്ടറി ആതിര സുരേഷ്, ബോർഡ് അംഗം ഡോ. ബിജു പിള്ള, അമേരിക്കയിൽ നിന്നെത്തിയ മറ്റു പ്രവർത്തകർ, ഭക്ത ജനങ്ങൾ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചടങ്ങിന് സാക്ഷികളായിരുന്നു.
പുരസ്‌കാര സമർപ്പണത്തിനു ശേഷം കെ.എച്ച്.എൻ.എ ഭാരവാഹികൾക്ക് മണ്ണാറശാല ദേവസ്വം ഒരു സ്വീകരണവും ഏർപ്പെടുത്തിയിരുന്നു. ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ്, ഡോ. രാംദാസ് പിള്ള, മന്മഥൻ നായർ, ആതിര സുരേഷ്, ബിജു പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
ആതിര സുരേഷിന്റെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ചടങ്ങിനെത്തിയ ഭക്തജനങ്ങൾക്ക് ഗോപിനാഥക്കുറുപ്പ് സ്വാഗതം ആശംസിച്ചുകൊണ്ട് സംഘടനയുടെ സനാതന പുരസ്‌കാരത്തെ കുറിച്ചു സംസാരിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. മധുസൂദനൻ പിള്ള, അമേരിക്ക പോലൊരു രാജ്യത്തു ജീവിക്കുമ്പോഴും സനാതന ധർമ്മ സംസ്‌കാര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനായി കെ.എച്ച്.എൻ.എ നടത്തുന്ന പ്രവർത്തനങ്ങളെ ശ്ലാഘിച്ചു.
തുടർന്ന് സംസാരിച്ച സ്ഥാപക പ്രസിഡന്റ് മന്മഥൻ നായർ ജഗദ്ഗുരു സത്യാനന്ദ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ സമാരംഭിച്ചു നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ നിഷ്‌കാമ കർമ്മ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിലേക്കു സനാതന ധർമ മൂല്യങ്ങൾ പകർന്നു കൊടുത്ത് അവരെ നന്മയുടെ ലോകത്തേക്ക് നയിക്കാനാണ് പരിശ്രമിക്കുന്നത് എന്ന് പറഞ്ഞു.
ഡോ. രാമദാസ് പിള്ളയും ഗുരുവായൂർ മുൻ മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിയും ആശംസ പ്രസംഗങ്ങൾ നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ ബിജു പിള്ള നന്ദി പ്രകാശനം നടത്തി.
ദേവസ്വം ഭാരവാഹികളായ നാഗദാസ് നമ്പൂതിരി, ശ്യാംസുന്ദർ ശങ്കരൻ നമ്പൂതിരി എന്നിവർ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകി. യോഗശേഷം വിഭവ സമൃദ്ധമായ സദ്യയും നൽകിയാണ് കെ.എച്ച്.എൻ.എ അംഗങ്ങളെ യാത്രയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്