അറ്റ്‌ലാന്റ: മലങ്കര ഓർത്തഡോക്‌സ് സഭാ സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് അറ്റ്‌ലാന്റ ഹയാത്ത് റീജൻസി ഹോട്ടലിൽ സമാപിച്ചു. ശൈനോ വ് ഹുൽമോനോ എന്നു നാമകരണം ചെയ്തിരുന്ന കോൺഫറൻസിന് 16-ാം തീയതി ബുധനാഴ്ച കൊടി ഉയർന്നു. വാദ്യമേളഘോഷങ്ങളോടെ കേരളത്തനിമയിൽ നടന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ആനയിച്ചു. അഭി. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം അഭി. സഖറിയാ മാർ സേവേറിയോസ് തിരുമേനി തിരി കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഫാ.ഡോ.തിമോത്തി തോമസ്, ഫാ. മാറ്റ് അലക്‌സാണ്ടർ, സീനാ മാത്യു, റവ. കെ. ജെയിംസൺ, ഭദ്രാസന സെക്രട്ടറി ഫാ.സജീവ് മാത്യൂസ് ജോർജ്, കോൺഫറൻസ് ഡയറക്ടർ ഫാ.ജോർജ്ജ് ഡാനിയേൽ, കോൺഫറൻസ് കൺവീനർ പ്രസാദ് ജോൺ, ഭദ്രാസന കൗൺസിൽ മെമ്പേഴ്‌സ്, മാനേജിംങ് കമ്മറ്റി അംഗം, ഭദ്രാസന അദ്ധ്യാത്മിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വേദി അലങ്കരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പരിശുദ്ധ ബസേലിയോസ് മാർത്തൊമ്മ മാത്യൂസ് III കാതോലിക്ക ബാവയുടെയും, ജോർജിയ സ്റ്റേറ്റ് ഗവർണർ ബ്രയാൻ കെമ്പിന്റെയും ആശംസകൾ അറിയിച്ചു അയച്ച കത്തുകൾ സമ്മേളനത്തിൽ വായിച്ചു.
2 - കോരി.5:1819 വാക്യങ്ങൾ ആസ്പദമാക്കിയുള്ളതായിരുന്നു ഈ വർഷത്തെ മുഖ്യ ചിന്താവിഷയം (Reconciliation & Healing). മുഖ്യചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയ വിശദീകരണം അഭി. സക്കറിയ മാർ സേവേറിയോസ് തിരുമേനിയും, ഫാ. ഡോ. തിമോത്തി തോമസും സമ്മേളനത്തിൽ അവതരിപ്പിച്ചു. കോൺഫറൻസിന്റെ തീം സോങ്ങ് ആയ 'എന്റെ കർത്താവും എന്റെ ദൈവവുമേ' (My Lord and My God) സമ്മേളനത്തിൽ വച്ച് അഭി.ഡോ.തോമസ് മാർ ഈവാനിയോസും അഭി.സക്കറിയ മാർ സേവേറിയോസും ചേർന്ന് പ്രകാശനം ചെയ്തു. ഫാ. തോമസ് മാത്യുവിന്റെ വരികൾക്ക് അലക്‌സ് എബ്രഹാം ഈണം നൽകിയ, ഗാനം ആലപിച്ചത് ഫാ. ബഹനാൻ കോരുത്, ഫാ. സോണി വി. മാണി, ശ്രേയ അന്ന ജോസഫ്, ശ്രവ്യ അന്ന ജോസഫ് എന്നിവർ ചേർന്നാണ്. മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങിയ ഈ മനോഹര ഗാനം ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.
കോൺഫറൻസിൽ മുഖ്യപ്രഭാഷകരായി എത്തിയ അഭി. ഡോ.തോമസ് മാർ ഈവാനിയോസ്, അഭി. സഖറിയാ മാർ സേവേറിയോസ്, ഫാ. ഡോ.തിമോത്തി തോമസ്, ഫാ. മാറ്റ് അലക്‌സാണ്ടർ, സീനാ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ധ്യാനങ്ങളും ക്ലാസ്സുകളും സിംമ്പോസിയങ്ങളും ഏറെ ചിന്തോദ്ദീപകവും അനുഗ്രഹപ്രദവും ആയിരുന്നു. വൈദീകരുടെയും, സീനിയർ സിറ്റിസൺസ്, സ്ത്രീജനങ്ങൾ, യുവജനങ്ങൾ, ഫോക്കസ്, കുട്ടികൾ എന്നിവർക്കായുള്ള പ്രത്യേക സമ്മേളനങ്ങളും കോൺഫറൻസിൽ ക്രമീകരിച്ചിരുന്നു.
ഈ വർഷത്തെ കോൺഫറൻസിന്റെ എടുത്തു പറയത്തക്കതും വേറിട്ടതുമായ ഒരു സെക്ഷനായിരുന്നു പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ഋഷി ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന കാർട്ടൂൺ ആൻഡ് കാരിക്കേച്ചർ വർക്ക്‌ഷോപ്പ്, പങ്കെടുത്തവർക്കെല്ലാം അത് ചിത്രകലയെക്കുറിച്ചുള്ള അറിവിന്റെ ഒരു ചില്ലുജാലകം തുറന്നിട്ടു. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഉല്ലാസവഞ്ചി എന്ന പേരിൽ നടത്തിയ കലാസന്ധ്യയിൽ ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരൻമാരുടെ പ്രകടനങ്ങൾ കാണികൾക്ക് മറക്കാനാവാത്ത ദൃശ്യ വിസ്മയമൊരുക്കി. മാർഗ്ഗംകളി, ഡാൻസ്, ഗ്രൂപ്പ്‌സോംങ്, സോളോ സോംഗുകൾ എന്നിവകൊണ്ട് കലാസന്ധ്യ വിഭവ സമൃദ്ധമായി.
അമേരിക്കൻ അച്ചായൻ, എന്ന കോമഡി സ്‌കിറ്റ് ഏവരിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ഭാഗ്യക്കൂപ്പണുകളുടെ നറുക്കെടുപ്പും ഭാഗ്യശാലികൾക്കുള്ള സമ്മാനദാനവും ഇടവക മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ നടത്തി. സമാപന ദിവസമായ ശനിയാഴ്ച നടന്ന വി. കുർബ്ബാനയിൽ അഭി. സഖറിയാ മാർ സേവേറിയാസ് മുഖ്യകാർമ്മികത്വം വഹിക്കുകയും ഇടവക മെത്രാപ്പൊലീത്തയും മറ്റ് വൈദികരും സഹകാർമികരാകുകയും ചെയ്തു.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി സമാപന സന്ദേശം നൽകി. ഹൂസ്റ്റൺ ഭദ്രാസന ആസ്ഥാനത്ത് നിർമ്മിക്കുന്ന ചാപ്പലിന്റെ നിർമാണത്തിനുള്ള രൂപരേഖ ഭദ്രാസന സെക്രട്ടറി ഫാ. സജീവ് മാത്യൂസ് ജോർജ് യോഗത്തിൽ അവതരിപ്പിച്ച് വിശദീകരിച്ചു. കോൺഫ്രൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിന്റെ പ്രകാശന കർമ്മം അഭി. ഇടവക മെത്രാപ്പോലീത്താ നിർവഹിക്കുകയും സുവനീർ കമ്മിറ്റി കൺവീനർ ഫാ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പ സുവനീർ കമ്മിറ്റി പ്രവർത്തനങ്ങളെപ്പറ്റി ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
കോൺഫ്രൻസിന്റെ എല്ലാ പൊതുസമ്മേളനങ്ങളിലും മുഖ്യ അവതാ രികയായിരുന്ന ജെന്നി വറുഗീസ് തന്റെ പാടവം അതി മനോഹരമായി നിർവഹിച്ചു. കോൺഫ്രൻസിനായി ഭദ്രാസന ചരിത്രത്തിൽ ഇദംപ്രഥമമായി രൂപികരിച്ച ഭദ്രാസന ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു കോൺഫ്രൻസിലുടനീളം ഗാനങ്ങൾ ആലപിച്ചത്. ഗാന ശുശ്രൂഷകൾ എറ്റവും ഭക്തി സാന്ദ്രവും അനുഗ്രഹകരവും ആയിരുന്നു. ഗായക സംഘത്തിന് നേതൃത്വം നല്കിയത് ഫാ. തോമസ് മാത്യു, അലക്‌സ് ഏബ്രഹാം, സഞ്ജു ഏബ്രഹാം എന്നിവരായിരുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്ന് ഗായകസംഘത്തിൽ പങ്കെടുത്ത എല്ലാവരെയും ഇടവക മെത്രാപ്പോലീത്താ അഭിനന്ദിച്ചു.
ഈ വർഷത്തെ അറ്റ്‌ലാന്റൊ ഫാമിലി കോൺഫ്രൻസിന് ചുക്കാൻ പിടിച്ച് കോൺഫ്രൻസ് ഒരു വൻ വിജയമാക്കിത്തീർത്ത കോൺഫ്രൻസ് ഡയറക്ടർ ഫാ. ജോർജ്ജ് ഡാനിയേലിന്റെയും ജനറൽ കൺവീനർ പ്രസാദ് ജോണിന്റെയും നേതൃത്വപാടവവും ഏകോപനവും ഇടവക മെത്രാപ്പോലീത്തായും മറ്റ് എല്ലാ വിശിഷ്ട വ്യക്തികളും പ്രത്യേകം ശ്ലാഘിക്കയും പൊന്നാട അണിയിച്ച് അവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
കോൺഫ്രൻസിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ സബ് കമ്മിറ്റികളെയും അതിന്റെ കൺവീനേഴ്‌സിനെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കാതോലിയ്ക്കാ മംഗളഗാനത്തോടെ സമ്മേളനം പര്യവസാനിക്കുകയും സ്‌നേഹവിരുന്നോട് കൂടി ഫാമിലി കോൺഫ്രൻസ് 2025ന് തിരശീല വീഴുകയും ചെയ്തു. അറ്റ്‌ലാന്റൊ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് 2025 പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത മധുരസ്മരണകളായി മാറുകയും ഭദ്രാസന ചരിത്രത്തിൽ തന്നെ അത് ഒരു പുതിയ അദ്ധ്യായത്തിനു ഏട് തുറക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്