ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാൾ മെയ് 27 മുതൽ ജൂൺ1 വരെ

MAY 14, 2025, 7:43 PM

ഷിക്കാഗോ: പ്രവാസി ക്‌നാനായ മക്കളുടെ വടക്കേ അമേരിക്കയിലെ ആദ്യ ദൈവാലയമായ ഷിക്കാഗോയിലെ ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിലെ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രധാന തിരുനാൾ 2025 മെയ് 27 മുതൽ ജൂൺ 1 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഇടവകയിലെ പത്തൊമ്പത് ചെറുപ്പക്കാരായ ദമ്പതികളാണ് തിരുനാൾ പ്രസുദേന്തിമാർ. മെയ് 27നും 28നും വൈകുന്നേരം ആറരയ്ക്ക് ആരാധനയും തിരുഹൃദയ ജപമാലയും ലദീഞ്ഞും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

മെയ് 29-ാം തീയതി വൈകുന്നേരം അഞ്ചരയ്ക്ക് ഇടവക വികാരിയുടെ മുഖ്യ നേതൃത്വത്തിൽ സെമിത്തേരി സന്ദർശനവും 7 മണിക്ക് മരിച്ചവർക്ക് വേണ്ടിയുള്ള വി.കുർബ്ബാനയും പ്രാർത്ഥനകളും അർപ്പിക്കുന്നു. മെയ് 30 ന് വൈകുന്നേരം 6:30 ന് തിരുന്നാളിന് കൊടിയേറും. തുടർന്ന് നടക്കുന്ന
ലദീഞ്ഞിനും വിശുദ്ധ കുർബാനയ്ക്കും കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.വിശുദ്ധ കുർബാനയെത്തുടർന്ന് ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ 'ബെൻസൻ സ്റ്റാർസ് ' കലാസന്ധ്യയും ഉണ്ടായിരിക്കും.


vachakam
vachakam
vachakam

മെയ് 31 ശനിയാഴ്ച വൈകുന്നേരം 4.45ന് കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭി. ഗീവർഗീസ് മാർ അപ്രേമിന് ഇടവക സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണം നൽകപ്പെടും. അഞ്ചുമണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിലുള്ള വിശുദ്ധ കുർബാന അർപ്പിക്കും. സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റവ. ഫാദർ സിജു മുടക്കോടിൽ വചന സന്ദേശം നൽകും. വി. കുർബാനയെ തുടർന്ന് 6:30ന് കപ്ലോൻ വാഴ്ചയും തുടർന്ന് ഇടവക ജനത്തിന്റെ നേതൃത്വത്തിൽ 'വില്ലേ നൈറ്റ്' കലാവിസ്മയവും നടത്തപ്പെടും.

ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ഫുഡ് ഫെസ്റ്റ് തിരുനാളിനോടനുബന്ധിച്ച് ഉണ്ടാകും. ജൂൺ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്കാണ് ആഘോഷമായ തിരുനാൾ റാസക്കുർബാന. കൈപ്പുഴ സെ. ജോർജ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളി വികാരി റവ. ഫാ. സാബു മാലിത്തുരുത്തേൽ റാസക്കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കും. അഭി. ഗീവർഗീസ് മാർ അപ്രേം പിതാവ് കുർബാനമദ്ധ്യേ വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുനാളിന്റെ ഒരുക്കങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവർക്കൊപ്പം കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും തിരുന്നാൾ കോർഡിനേറ്റർമാരായ ജെൻസൻ ഐക്കരപറമ്പിൽ, എബ്രാഹം കുളത്തിൽകരോട്ട്, മരിയ കുന്നുംപുറം, മെർലിൻ പറവത്തോടത്തിൽ എന്നിവരും നേതൃത്വം നൽകും.

vachakam
vachakam
vachakam

തിരുനാൾ തിരുക്കർമ്മങ്ങളിൽ ആദ്യവസാനം പങ്കെടുത്ത് ഈശോയുടെ തിരുഹൃദയത്തിന്റെ മാദ്ധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. തോമസ് മുളവനാലും റവ.ഫാ. ബിൻസ് ചേത്തലിലും അറിയിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam