നാഷ്‌വിൽ: ടെന്നിസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 21ന് ശ്രീ ഗണേശ ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അസോസിയേഷൻ അതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും കൂടിയുണ്ട്. ഇതിനോടനുബന്ധിച്ച്, ബഹുമാനപ്പെട്ട നാഷ്‌വിൽ മേയർ അതേ ദിവസത്തെ, 'കേരള ദിനം' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കിക്കൊണ്ട് നാഷ്‌വില്ലിലെ കേരള സമൂഹത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യവും സംഭാവനകളും ഈ പ്രഖ്യാപനം അംഗീകരിക്കുന്നു.
ബഹുമാനപ്പെട്ട ടെന്നിസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലിയും, പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമായ ദിവ്യ ഉണ്ണിയും മുഖ്യാതിഥികളായി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്തംബർ ഇരുപത്തിയൊന്നാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിക്ക് ഇരുപത്തിമൂന്നിൽപ്പരം വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
ഈ വർഷത്തെ ഓണസദ്യ അസോസിയേഷൻ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കി ഒറിജിനൽ വാഴയിലയിൽ തന്നെ വിളമ്പും. ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും പുലിക്കളിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും, തുടർന്ന് ഘോഷയാത്രയായി മഹാബലിയെ വേദിയിലേക്ക് ആനയിക്കും. അതോടൊപ്പം ചെണ്ടമേളവും മെഗാ തിരുവാതിരയും നടത്തും. തുടർന്ന് ഈ വർഷത്തെ ഓണാഘോഷം മുഖ്യാതിഥികൾ ഉദ്ഘാടനം ചെയ്യും. ശേഷം വിവിധ കലാപരിപാടികളും ദിവ്യ ഉണ്ണിയും സംഘവും നയിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും.
കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന 'കല്പടവുകൾ' എന്ന സോവനീറിന്റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ നടക്കും. കഴിഞ്ഞ പതിനഞ്ചു വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയായിരിക്കും ഈ സോവനീർ.
പങ്കാളിത്തവും അവതരണവും കൊണ്ടു ശ്രദ്ധേയമാകുന്ന ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 615 -243 -0460 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലോ ബന്ധപ്പെടേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്