ന്യൂയോര്‍ക്ക്: മുൻ യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രശസ്തമായ മാർത്താസ് വൈൻയാർഡ് വേനൽക്കാല വസതി 37 മില്യൺ ഡോളറിന് വിറ്റു. ബാലലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ള കോടീശ്വരനാണ് വീട് സ്വന്തമാക്കിയത്. വിക്ടോറിയാസ് സീക്രട്ട് സ്ഥാപകൻ ലെസ് വെക്സ്നറാണ് മാസാച്യുസെറ്റ്സിലെ വിശാലമായ ഈ എസ്റ്റേറ്റ് വാങ്ങിയത്.
വീടിന് നിശ്ചയിച്ച വിലയേക്കാൾ 2 മില്യൺ ഡോളർ കുറച്ചാണ് വെക്സ്നർ ഇത് സ്വന്തമാക്കിയത്. 1987 മുതൽ 2007 വരെ എപ്സ്റ്റീൻ വെക്സ്നറുടെ സാമ്പത്തിക മാനേജരായിരുന്നു. ഒരു കാലത്ത് എപ്സ്റ്റീന്റെ മണി-മാനേജ്മെന്റ് സ്ഥാപനത്തിലെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായിരുന്നു വെക്സ്നർ. 87 വയസ്സുള്ള വെക്സ്നർ, വീട് വിൽപ്പനക്ക് വെച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇത് വാങ്ങിയത്.
2020-ൽ മാർത്താസ് വൈൻയാർഡിൽ സ്വന്തമായി ഒരു വീട് വാങ്ങുന്നതിന് മുൻപ് ഒബാമ ദമ്പതികൾ വേനൽക്കാലം ചെലവഴിക്കാൻ പതിവായി എത്തിയിരുന്നത് 30 ഏക്കറുള്ള ഈ 'ബ്ലൂ ഹെറോൺ ഫാം' എന്ന എസ്റ്റേറ്റിലായിരുന്നു. 7,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പ്രധാന വീട്. കൂടാതെ അഞ്ച് കിടപ്പുമുറികളുള്ള അതിഥിമന്ദിരം, കളപ്പുര, ബോട്ട് ഹൗസ്, ബാസ്കറ്റ്ബോൾ, ടെന്നീസ് കോർട്ടുകൾ എന്നിവയും ഈ എസ്റ്റേറ്റിലുണ്ട്.
ഈ ഇടപാടോടുകൂടി ബറാക്ക് ഒബാമയും മിഷേൽ ഒബാമയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരുന്നു. 1992 ഒക്ടോബറിൽ വിവാഹിതരായ ഇരുവരും മാതൃകാ ദമ്പതികളായാണ് എന്നും അറിയപ്പെട്ടിരുന്നത്. എന്നാൽ സമീപകാലത്ത് പൊതുവേദികളിൽ ഇരുവരും ഒന്നിച്ചു വരാത്തതും, സമൂഹമാധ്യമങ്ങളിൽ അകലം പാലിക്കുന്നതും ഇവരുടെ വേർപിരിയൽ സംബന്ധിച്ച ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങൾ എല്ലാം അവർ ഒരുമിച്ചു മിഷേലിന്റെ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടതോടെ ശമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്