വാഷിംഗ്ടണ്‍: വെനസ്വേലയുടെ തീരത്ത് ബി1 ബോംബറുകള്‍ പറത്തി യുഎസ്. കരീബിയന്‍ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം യുഎസ് വര്‍ധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും യുഎസ് ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് എത്തിയിരുന്നു. ടെക്‌സസിലെ വ്യോമത്താവളത്തില്‍നിന്ന് കരീബിയന്‍ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി1 ബോംബറുകള്‍ പറന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ മഡുറോ യുഎസില്‍ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകള്‍ യുഎസ് സൈന്യം തകര്‍ത്തിരുന്നു. യുഎസ് വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ബി1.
കഴിഞ്ഞ ആഴ്ച്ച ബി52 ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കല്‍ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി8 പട്രോള്‍ വിമാനങ്ങളും എംക്യു9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയന്‍ കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തനിക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
