ലോസ് ഏഞ്ചല്‍സ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് പിന്നാലെ ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനോട് അടിയന്തരമായി രാജ്യം വിടാന്‍ അമേരിക്കന്‍ അധികൃതരുടെ നിര്‍ദ്ദേശം. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. മത്സരശേഷം ലോസ് ഏഞ്ചല്‍സില്‍ തങ്ങി കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്ലാന്‍ പെട്ടെന്ന് റദ്ദാക്കുകയായിരുന്നു.
മത്സരം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ യുഎസ് വിട്ട് മെക്‌സിക്കോയിലെ തങ്ങളുടെ പരിശീലന ക്യാമ്പായ തിജുവാനയിലേക്ക് മടങ്ങാന്‍ ടീമിനോട് ആവശ്യപ്പെട്ടതായി ഇറാന്‍ കോച്ച് അമീര്‍ ഘാലെനോയി സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് ഈ ഉത്തരവിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
'കളി കഴിഞ്ഞയുടന്‍ ഇവിടെ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. മത്സരത്തിന് ശേഷം കളിക്കാര്‍ക്ക് ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ആവശ്യത്തിന് സമയം പോലും തന്നില്ല. 140 മൈല്‍ ദൂരെയുള്ള തിജുവാന ക്യാമ്പിലേക്ക് അര്‍ദ്ധരാത്രിയില്‍ തന്നെ വിമാനത്തില്‍ മടങ്ങേണ്ടി വന്നത് കളിക്കാരെ മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഒതുക്കപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും.'- കോച്ച് ഘാലെനോയി പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങളാല്‍ കടുത്ത യാത്രാ ദുരിതമാണ് ഇറാന്‍ ടീം ടൂര്‍ണമെന്റിലുടനീളം നേരിടുന്നത്. തിജുവാനയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്കുള്ള ചെറിയ ദൂരത്തെ യാത്രയ്ക്ക് കടുത്ത സുരക്ഷാ പരിശോധനകള്‍ കാരണം അഞ്ച് മണിക്കൂറിലധികം സമയമാണ് തങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വന്നതെന്ന് ഇറാന്‍ ക്യാപ്റ്റന്‍ മെഹ്ദി തറേമി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഫിഫ അടിയന്തരമായി ഇടപെടണമെന്നും തങ്ങളെ സഹായിക്കണമെന്നും തറേമി ആവശ്യപ്പെട്ടു. നിലവില്‍ എല്ലാം ഒരു ദുരന്തം പോലെയാണ് തോന്നുന്നത്.' എന്നും തറേമി കൂട്ടിച്ചേര്‍ത്തു.
മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും അരങ്ങേറി. ഇറാന്‍ ഭരണകൂടത്തിനെതിരെ നൂറുകണക്കിന് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്റ്റേഡിയത്തിനകത്ത് ഇറാന്‍ ദേശീയ ഗാനം ആലപിച്ച സമയത്ത് കാണികളില്‍ പലരും തിരിഞ്ഞുനിന്നും കൂവിവിളിച്ചുമാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. 1979 ലെ വിപ്ലവത്തിന് മുന്‍പുള്ള ഇറാന്റെ ഔദ്യോഗിക പതാകയിലെ 'ലയണ്‍ ആന്‍ഡ് സണ്‍' ചിഹ്നങ്ങളുള്ള ടി-ഷര്‍ട്ടുകളും പതാകകളും ഫിഫയുടെ വിലക്കുകള്‍ മറികടന്ന് വലിയ തോതില്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടു.
ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കെതിരെയാണ് ഇറാന്റെ അടുത്ത മത്സരങ്ങള്‍. വരും ദിവസങ്ങളിലും യുഎസ്സിന്റെ ഈ കര്‍ശന നിലപാട് തുടര്‍ന്നാല്‍ ഇറാന്റെ ലോകകപ്പ് മുന്നേറ്റം കൂടുതല്‍ പ്രതിസന്ധിയിലാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
