വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പരിക്കേറ്റ അമേരിക്കന്‍ സേനാംഗങ്ങളുടെ എണ്ണം 600 കവിഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. യുദ്ധത്തിലെ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പെന്റഗണിന്റെ ഔദ്യോഗിക ഡാറ്റാബേസായ ഡിഫന്‍സ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റം ശനിയാഴ്ച പുതുക്കിയതോടെയാണ് പരിക്കേറ്റ സൈനികരുടെ പുതിയ കണക്കുകള്‍ പുറത്തുവന്നത്. 140 ലധികം സൈനികര്‍ക്കു കൂടി പരിക്കേറ്റതായി പുതുക്കിയ പട്ടികയില്‍ വ്യക്തമാക്കുന്നു.
കൂടാതെ കഴിഞ്ഞ ആഴ്ച ഇറാനിയന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ഡാറ്റാബേസില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്ത നാല് സൈനികരുടെ വിവരങ്ങള്‍ പെന്റഗണ്‍ തിരികെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 28 ന് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്ക ഇറാനെതിരെ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 18 സൈനികര്‍ കൊല്ലപ്പെടുകയും 624 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് കണക്കാക്കിയ 482 എന്ന ഉയര്‍ന്ന സംഖ്യയില്‍ നിന്നാണ് പരിക്കേറ്റവരുടെ എണ്ണം പെട്ടെന്ന് ഉയര്‍ന്നത്.
അതേസമയം ജൂലൈ 7 മുതല്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓവര്‍സീസ് ഓപ്പറേഷന്‍സ് എന്ന പേരില്‍ പുതിയൊരു കാറ്റഗറിയും പെന്റഗണ്‍ ഡാറ്റാബേസില്‍ ആരംഭിച്ചിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടരുന്നതിനിടയിലും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ ഡാറ്റാബേസില്‍ കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളുടെയും ഭരണാധികാരികളുടെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ മാറ്റങ്ങളുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ 12 ഡെമോക്രാറ്റിക് അംഗങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ വെബ്സൈറ്റിലുണ്ടായ താല്‍ക്കാലിക സാങ്കേതിക തകരാറുകളാണ് വിവരങ്ങളില്‍ വ്യത്യാസം വരുത്തിയതെന്നാണ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം.
ജൂലൈ 7 എന്ന തീയതി മുതല്‍ പുതിയ വിഭാഗം ആരംഭിച്ചത്, വാര്‍ പവേഴ്‌സ് ആക്ട് അനുസരിച്ച് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള വൈറ്റ് ഹൗസിന്റെ നീക്കമാണെന്ന സംശയവും ശക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തിലെ വെടിനിര്‍ത്തലോടെ മുന്‍ യുദ്ധ കാലാവധി അവസാനിച്ചുവെന്നും ജൂലൈ 7 മുതല്‍ പുതിയൊരു സംഘര്‍ഷമാണ് ആരംഭിച്ചതെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടം കോണ്‍ഗ്രസിനെ മറികടക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
