വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്നത് നിര്‍ത്തലാക്കുന്ന ഉത്തരവാണിത്. ഇതനുസരിച്ച് ഫെബ്രുവരി 20 ന് ശേഷം അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ലഭിക്കില്ല.
താല്‍ക്കാലിക വിസ ഉടമകളുടെ മക്കള്‍ക്ക് പൗരത്വം ലഭിക്കുന്നത് ഒഴിവാക്കാനാണ് ട്രംപിന്റെ നീക്കം. ഇനി ജന്മാവകാശ പൗരത്വത്തിന് അര്‍ഹത കിട്ടണമെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ്. പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ യു.എസ് സൈന്യത്തില്‍ അംഗമായിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്.
ട്രംപിന്റെ ഈ തീരുമാനത്തില്‍ ഏറ്റവും അധികം ആശങ്കപ്പെടുന്നത് ഇന്ത്യക്കാരാണ്. യു.എസിന്റെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ഈ വിസയില്‍ നിരവധി ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. യു.എസില്‍ ജനിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മറ്റു നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ പൗരത്വം ലഭിക്കുമെന്നാണ് ഈ വിസ ഉടമകള്‍ കരുതിയിരുന്നത്. മക്കള്‍ക്ക് അമേരിക്കയില്‍ സ്ഥിര താമസം ലഭിക്കക്കാനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിച്ചിരുന്ന മാതാപിതാക്കള്‍ക്കാണ് ഉത്തരവ് തിരിച്ചടിയായത്.
അതേസമയം ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത് ഇന്ത്യന്‍ സമൂഹത്തിന് നേരിയ ആശ്വാസം പകര്‍ന്നിരുന്നു.
മാതാപിതാക്കളാകാന്‍ അധികം താമസമില്ലാത്ത ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത്. ജന്മാവകാശ പൗരത്വം ലഭിക്കില്ലെന്ന ആശങ്കയെ തുടര്‍ന്ന് പ്രസവം ഫെബ്രുവരി 20-നു മുന്‍പാക്കാന്‍ ആശുപത്രികളിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുഎസ് പൗരത്വം ഉറപ്പാക്കാന്‍ പ്രസവം നേരത്തെയാക്കാനുള്ള ശ്രമങ്ങളോട് അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടന അനകൂലമായല്ല പ്രതികരിക്കുന്നത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) പ്രസിഡന്റ് സതീഷ് കതുല നല്‍കുന്ന മുന്നറിയിപ്പ് വളരെ പ്രധാനമാണ്. കര്‍ക്കശമായ മെഡിക്കല്‍ നിയമങ്ങളുള്ള രാജ്യത്ത് പൗരത്വത്തിനായി മാത്രം പ്രസവം നേരത്തെയാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാര്‍. അഞ്ച് ദശലക്ഷത്തിലധികം പേരാണ് എച്ച്1ബി വിസയില്‍ അമേരിക്കയില്‍ കഴിയുന്നത്. ഇവര്‍ക്കാര്‍ക്കും ഇനി കുട്ടികള്‍ ജനിച്ചാല്‍ പൗരത്വം ലഭിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്