ടെക്‌സസ്: ടെക്‌സസിലെ റാഞ്ചില്‍ നിന്ന് ചാടിപ്പോയി ജനങ്ങളെയും അധികൃതരെയും ഒരേപോലെ അമ്പരപ്പിച്ച ഗ്രേസി എന്ന ജിറാഫിനെ രണ്ടാഴ്ച നീണ്ട തീവ്ര തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ടെക്‌സസിലെ റിയല്‍ കൗണ്ടിയിലുള്ള സീഡര്‍ ഹോളോ റാഞ്ചില്‍ നിന്നാണ് ജൂണ്‍ 11 ന് ഗ്രേസി കാണാതാകുന്നത്. ഒടുവില്‍ ജൂണ്‍ 26 വെള്ളിനാഴ്ച രാവിലെ, റാഞ്ചില്‍ നിന്നും നാല് മൈല്‍ അകലെ തെക്ക് മാറിയുള്ള വനപ്രദേശത്ത് ഗ്രേസിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
ജിറാഫുകളുടെ പൊതുവായ സ്വഭാവ രീതികളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, കുത്തനെയുള്ള ഒരു പാറക്കെട്ട് കയറിയാണ് ഗ്രേസി റാഞ്ചിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ചത്. അതുകൊണ്ടുതന്നെ മികച്ച അത്ലറ്റ് എന്നാണ് റാഞ്ച് അധികൃതര്‍ ഈ ജിറാഫിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ വിവിധ നിരീക്ഷണ ക്യാമറകളില്‍ ഗ്രേസിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും, തിരച്ചില്‍ സംഘം എത്തുമ്പോഴേക്കും ഈ മിടുക്കി അവിടെ നിന്ന് മാറിയിരുന്നു. റിയല്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തില്‍ വന്‍ തിരച്ചില്‍ നടന്നു വരികയായിരുന്നു.
ഒടുവില്‍ വെള്ളിയാഴ്ച രാവിലെ 7:30 ഓടെ സീഡര്‍ ഹോളോ റാഞ്ച് മാനേജര്‍ വിക് ജോണ്‍സ്, കോണ്‍ ചോ ഏവിയേഷനിലെ പൈലറ്റ് ജെഫ് ഹില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഹെലികോപ്റ്റര്‍ സര്‍വേയിലാണ് കാട്ടുചെടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഗ്രേസിയെ കണ്ടെത്തിയത്. ആകാശത്തുനിന്നും പകര്‍ത്തിയ ഗ്രേസിയുടെ ചിത്രങ്ങള്‍ ഷെരീഫ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഗ്രേസിയെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി റാഞ്ചിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ഷെരീഫ് നാഥന്‍ ജോണ്‍സണ്‍ അറിയിച്ചു. റിയല്‍ കൗണ്ടിയിലെ മനോഹരമായ പ്രകൃതി ആസ്വദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഗ്രേസി എന്നാണ് ഷെരീഫ് തമാശയായി പ്രതികരിച്ചത്.
റാഞ്ചിലുള്ള അറ്റ്ലസ് എന്ന തന്റെ പങ്കാളിയായ ജിറാഫിനടുത്തേക്ക് ഗ്രേസി ഉടന്‍ തിരിച്ചെത്തും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഈ റാഞ്ചിലെ ഒരു ജിറാഫും ഇതുവരെ ഇത്തരത്തില്‍ മതില്‍ ചാടിയിട്ടില്ലെന്ന് മാനേജര്‍ വിക് ജോണ്‍സ് പറഞ്ഞു. ജിറാഫുകള്‍ സാധാരണയായി പാറക്കെട്ടുകള്‍ കയറാറില്ല എന്ന ധാരണയാണ് ഗ്രേസി തിരുത്തിയത്. ഇനി ഇത്തരം സുരക്ഷാവീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ റാഞ്ചിന് ചുറ്റുമുള്ള വേലികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
