ജാതിവിവേചനംകാട്ടി നിതിൻ രാജിനെ ഇല്ലാതാക്കിയ ക്രൂരതയെ ഫോമാ അതിശക്തമായി അപലപിക്കുന്നു

APRIL 13, 2026, 1:48 PM

ഹൂസ്റ്റൺ: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർ.ആർ. നിതിൻ രാജ്  കോളേജ് വളപ്പിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതിന് പിന്നിൽ ജാതി വിവേചനമാണെന്ന സത്യം നമ്മുടെയെല്ലാം ഹൃദയം തകർക്കുന്നതാണ്.

അധ്യാപകരുടെ അധിക്ഷേപം മൂലം മനസ് തകർന്നാണ് നിതിൻ ജീവനൊടുക്കിയതെന്ന കാര്യത്തിൽ സംശയമില്ല. രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റവും പട്ടിക ജാതിപട്ടിക വർഗ അതിക്രമ നിരോധന വകുപ്പും ചേർത്താണ് ഇവർക്കെതിരെ കേസെടുത്തതെന്ന് മനസിലാക്കുന്നു.

ശാസ്തം വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത്തികവിന്റെ കാലത്ത് ജാതിയുടെ പേരിൽ മനുഷ്യരെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകൾ ഇന്നും ക്യാമ്പസുകളിൽ നിലനിൽക്കുന്നത് ലജ്ജാകരമാണ്. വിദ്യാഭ്യാസം സമത്വത്തിനും മാനവികതയ്ക്കും വഴികാട്ടേണ്ടിടത്ത് അസമത്വവും വിവേചനവും വളരാൻ ഇടയാക്കുന്നത് അപഹാസ്യമാണ്. ജനാധിപത്യ രാഷ്ട്രമായ ഇന്തയയുടെ ഭരണഘടന ഓരോ പൗരനും സമത്വവും മാനവികതയും ഉറപ്പുനൽകുന്നു.

vachakam
vachakam
vachakam

എന്നാൽ, സാമൂഹിക യാഥാർത്ഥ്യം പലപ്പോഴും ഈ ആശയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുകയും അവരെ താഴ്ത്തുകയും ചെയ്യുന്ന പ്രവണതകൾ ഇന്നും ശക്തമായി നിലനിൽക്കുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നുവെന്നത് അതീവ ആശങ്കാജനകമാണ്. ക്യാമ്പസുകൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അധ്യാപനപഠന അന്തരീക്ഷം നൽകേണ്ടിടത്ത്, ചിലർക്കെങ്കിലും അത് ഭീഷണിയുടെയും ഒറ്റപ്പെടലിന്റെയും സ്ഥലമായി മാറുന്നത് വലവിയൊരു ആനുകാലിക ദുരന്തമാണ്.

വിദ്യാർത്ഥിയുടെ പഠനകാലം ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധം വളർത്തുന്നതിനും നിർണായക ഘട്ടമാണ്. ഈ കാലയളവിൽ ലഭിക്കുന്ന അനുഭവങ്ങൾ അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നു. എന്നാൽ, ജാതിവിവേചനം, മാനസിക പീഡനം, സാമൂഹിക ഒറ്റപ്പെടുത്തൽ എല്ലാം അവരെ അടിച്ചമർത്തുന്നതാണ്. ഇതുപോലുള്ള സാഹചര്യങ്ങൾ പലപ്പോഴും വിദ്യാർത്ഥികളെ മാനസിക കടുത്ത സമ്മർദ്ദത്തിലേക്കും അതുവഴി വിഷാദത്തിലേക്കും തള്ളിവിടുന്നു. മിക്കപ്പോഴുമത് ആത്മഹത്യയിലാണ് കലാശിക്കുക. നിതിൻ രാജിന്റെ കാര്യത്തിൽ അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

അത്യന്തം ദാരുണമായ ഈ സംഭവത്തിന്റെപശ്ചാത്തലത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കോളേജ് ഭരണസമിതികളും അധ്യാപകരും വിദ്യാർത്ഥി സംഘടനകളും ചേർന്ന്, ക്യാമ്പസുകളിൽ സമത്വവും പരസ്പര ബഹുമാനവും ഉറപ്പാക്കുന്ന നയങ്ങൾ രൂപപ്പെടുത്തുകയും കർശനമായി നടപ്പാക്കുകയും വേണം. ജാതിവിവേചനത്തിനെതിരെയുള്ള പരാതികൾക്ക് സമയബന്ധിതമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണം. അതുപോലെ, വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന കൗൺസിലിംഗ് സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

vachakam
vachakam
vachakam

ജാതിവിവേചനം ഒരു വ്യക്തിയുടെ പ്രശ്‌നമല്ല; അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്ന ഒരു രോഗമാണ്. ഈ രോഗത്തെ നേരിടാൻ ബോധവൽക്കരണവും വിദ്യാഭ്യാസവും അനിവാര്യമാണ്. കുടുംബങ്ങളിൽ നിന്നും തുടങ്ങുന്ന മൂല്യബോധം, സമത്വവും മാനവികതയും മുൻനിർത്തിയുള്ളതായിരിക്കണം. മാധ്യമങ്ങളും സാമൂഹിക സംഘടനകളും ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണം.

ഈ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തായാലും, അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നത് അത്യാവശ്യമാണ്. ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുകയും വേണം.

ഈ ദുരന്തം നമ്മെ ഒരു ചോദ്യത്തിന് മുന്നിൽ നിർത്തുന്നു: വിദ്യാഭ്യാസം എന്നത് വെറും വിജ്ഞാന സമ്പാദനത്തിനായുള്ളതോ അതോ മനുഷ്യനെന്ന നിലയിൽ വളരാനുള്ള പ്രക്രിയയോ..? യഥാർത്ഥ വിദ്യാഭ്യാസം സമത്വം, കരുണ, സഹിഷ്ണുത എന്നിവ വളർത്തേണ്ടതാണ്. ആ ലക്ഷ്യം കൈവരിക്കാൻ നമുക്കെല്ലാവർക്കും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ഒരു വിദ്യാർത്ഥിയുടെ ജീവിതം നഷ്ടപ്പെടേണ്ട സാഹചര്യം ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുത്.

vachakam
vachakam
vachakam

ഭാവിയിലെ മിടുക്കനായ ഒരു ഡോക്ടറെ കൊലയ്ക്കുകൊടുത്ത സംവിധാനത്തിന്റെ മനപ്പൂർവമായ നീതികേടിനെ ഫോമാ അതിശക്തമായി അപലപിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam