വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത പ്രതിയുടെ ചിത്രം പുറത്തുവന്നു.
കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലനെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ നിലത്ത് കിടത്തി കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അക്രമി അർദ്ധനഗ്നനായിരുന്നതിനാൽ ശരീരത്തിന്റെ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലായിരുന്നു ചിത്രങ്ങൾ. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിനിടെ ഉണ്ടായ ഈ സുരക്ഷാ വീഴ്ച ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി വിരുന്ന് പുരോഗമിക്കുന്നതിനിടെയാണ് ഹോട്ടലിന് പുറത്തെ സുരക്ഷാ കവാടത്തിന് സമീപം വെടിയൊച്ച കേട്ടത്. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വേദിയിലേക്ക് ഇരച്ചുകയറുകയും പ്രസിഡന്റിനെയും മെലാനിയയെയും വളഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
മാരകായുധങ്ങളുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒരു ഉദ്യോഗസ്ഥൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്ളതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമിയെ പിടികൂടിയെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും ട്രംപ് പിന്നീട് ഔദ്യോഗികമായി അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലായി. നിരവധി പോലീസ് വാഹനങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തുകയും വിരുന്നിനെത്തിയ അതിഥികളെ ഒഴിപ്പിക്കുകയും ചെയ്തു. പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യത്തെക്കുറിച്ചും എഫ്.ബി.ഐ (FBI) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി എന്തിനാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
