ന്യൂയോര്‍ക്ക്: ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം ചേരുന്നു. പലിശ നിരക്ക് കുറച്ചേയ്ക്കും എന്നാണ് സൂചന. അത് അര ശതമാനമാണോ, കാല്‍ശതമാനമാണോ കുറയ്ക്കുക എന്ന സംശയത്തിലാണ് അമേരിക്കയിലെ സാധാരണക്കാര്‍ മുതല്‍ സാമ്പത്തിക വിദഗ്ധര്‍ വരെ. അമേരിക്കയില്‍ വര്‍ഷത്തില്‍ 8 തവണയാണ് ഫെഡറല്‍ റിസര്‍വിന്റെ യോഗം ചേരുന്നത്.
സ്വാഭാവികമായിട്ടും പലിശ നിരക്ക് കുറയുമ്പോള്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ നിലവില്‍ താരിഫ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളുവെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറയുന്നത് അമേരിക്ക ഇപ്പോള്‍ നേരിടുന്ന വിലക്കയറ്റത്തിന് അല്‍പം ശമനം നല്‍കിയേക്കും.
അമേരിക്കയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം ജൂലൈയിലെ 0.2 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറിയത് താഴാതെ പലിശ നിരക്ക് കുറയ്ക്കല്‍ കൊണ്ട് മെച്ചമില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്. അതേപോലെ ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവകള്‍ അമേരിക്കക്കാരെയാണ് ഇപ്പോള്‍ കൂടുതലും ബാധിച്ചിരിക്കുന്നത്. ഏതാണ്ടെല്ലാ ഉല്‍പന്നങ്ങള്‍ക്കും ഓഗസ്റ്റില്‍ വില കൂടി. തൊഴിലില്ലായ്മയും കുതിച്ചുയരുകയാണ്. തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഓഗസ്റ്റില്‍ 2.63 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ ഈ പ്രതിസന്ധികള്‍ക്കൊക്കെ പരിഹാരമാകുമോ എന്നതാണ് കാത്തിരിക്കുന്നത്.
സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും പലിശനിരക്ക് കുറയ്ക്കാത്തത് മാത്രമാണ് നിലവിലെ പ്രശ്‌നമെന്നുമാണ് ട്രംപിന്റെ അഭിപ്രായം. ട്രംപിന്റെ കടുത്ത സമ്മര്‍ദവും പണനയ നിര്‍ണയ സമിതിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കൂടുതലുള്ളതിനാലും പലിശനിരക്ക് കുറയാനുള്ള സാധ്യതയാണേറെ. പലിശനിരക്ക് കഴിഞ്ഞ 9 മാസമായി 4.25- 4.5 % എന്ന നിലയില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്