ആഗോള ഐടി തകര്‍ച്ച: മസ്‌കിന് ട്രില്യണയര്‍ പദവി നഷ്ടമായി; സ്‌പേസ് എക്‌സ് ഓഹരികളില്‍ വന്‍ ഇടിവ്

JUNE 24, 2026, 9:05 PM

ന്യൂയോര്‍ക്ക്: ലോകത്തെ ആദ്യ ട്രില്യണെയര്‍ എന്ന ചരിത്ര നേട്ടം കൈവരിച്ച് രണ്ടാഴ്ച തികയും മുന്‍പ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ആ പദവി നഷ്ടമായി. ആഗോള ഓഹരി വിപണിയിലുണ്ടായ കടുത്ത സാങ്കേതികവിദ്യ ഓഹരികളുടെ തകര്‍ച്ചയെത്തുടര്‍ന്ന് സ്‌പേസ് എക്‌സ്, ടെസ്ല എന്നിവയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ സൂചികയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച മസ്‌കിന്റെ ആസ്തി 957 ബില്യണ്‍ ഡോളറായി താഴ്ന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് 1.11 ട്രില്യണ്‍ ഡോളറായിരുന്നു. പദവി നഷ്ടമായെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന സ്ഥാനം മസ്‌ക് ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 12 നാണ് സ്‌പേസ് എക്‌സ് കമ്പനി നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഒരു ഓഹരിക്ക് 135 ഡോളര്‍ നിരക്കില്‍ നിശ്ചയിച്ചിരുന്ന ഐപിഒ വിപണിയില്‍ തുറന്നത് 150 ഡോളറിലാണ്. ഇതോടെ സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം 1.77 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.

കമ്പനിയുടെ 42 ശതമാനത്തോളം ഓഹരികളും കൈവശമുള്ള ഇലോണ്‍ മസ്‌കിന്റെ വ്യക്തിഗത ആസ്തി ഇതോടെയാണ് ഒരു ട്രില്യണ്‍ ഡോളര്‍ കടന്നത്. ജൂണ്‍ 16 ഓടെ ഓഹരി വില 225.64 ഡോളറിലെത്തിയപ്പോള്‍ മസ്‌കിന്റെ ആസ്തി 1.32 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലുമെത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍തോതിലുള്ള പണച്ചെലവും അതിന്റെ ദീര്‍ഘകാല ലാഭസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകര്‍ക്കിടയില്‍ ഭീതി പരത്തിയതാണ് വിപണിയിലെ പെട്ടെന്നുള്ള തിരുത്തലിന് കാരണമായത്. എന്‍വിഡിയ, ഇന്റല്‍, എഎംഡി തുടങ്ങിയ പ്രമുഖ ഐടി ഭീമന്മാരുടെ ഓഹരികളെയും ഇത് ബാധിച്ചു.

ജൂണ്‍ 22 തിങ്കളാഴ്ച മാത്രം സ്‌പേസ് എക്‌സ് ഓഹരികളില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇത് മസ്‌കിന്റെ ആസ്തിയില്‍ നിന്നും 240 ബില്യണ്‍ ഡോളറാണ് ചോര്‍ത്തിയത്. നിലവില്‍ സ്‌പേസ് എക്‌സ് ഓഹരികള്‍ അതിന്റെ ഉയര്‍ന്ന നിരക്കില്‍ നിന്നും 30 ശതമാനത്തോളം ഇടിഞ്ഞ് 156 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഇതിന് പിന്നാലെ മസ്‌കിന് 12 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്ലയുടെ ഓഹരികളും 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

ശതകോടീശ്വരന്മാരെപ്പോലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് പകരം, മസ്‌കിന്റെ ആസ്തിയുടെ 80 ശതമാനവും സ്‌പേസ് എക്‌സ്, ടെസ്ല എന്നീ രണ്ട് കമ്പനികളില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നതാണ് വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും അദ്ദേഹത്തിന്റെ സമ്പത്തിനെ വന്‍തോതില്‍ ബാധിക്കാന്‍ കാരണം. സാങ്കേതിക വിദ്യ വിപണിയിലെ വൈകാരികമായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഇത്തരം തിരുത്തലുകള്‍ സ്വാഭാവികമാണെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ സ്‌പേസ് എക്‌സ് ഓഹരികളില്‍ വെറും 6 ശതമാനത്തിന്റെ തിരിച്ചുവരവുണ്ടായാല്‍ പോലും മസ്‌കിന് തന്റെ ട്രില്യണെയര്‍ പദവി തിരിച്ചുപിടിക്കാനാകും. അതിനാല്‍ ലോകത്തിലെ ആദ്യത്തെ 'ആവര്‍ത്തിച്ചുള്ള ട്രില്യണെയര്‍' എന്ന ഖ്യാതിയും ഇലോണ്‍ മസ്‌കിന് സ്വന്തമായേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam