ലോസ് ആഞ്ചലസിനെ നടുക്കി ഇരട്ട ദുരന്തം: വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് മരണം

SEPTEMBER 16, 2026, 8:04 PM


ലോസ് ആഞ്ചലസ്: വാഹനാപകടത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടിവി വാര്‍ത്താ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍ ഒരു സിറ്റി ബസിലേക്ക് എസ്.യു.വി ഇടിച്ചുകയറി രണ്ടുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തിന് തൊട്ടുപിന്നാലെയാണ് നാടിനെ കൂടുതല്‍ നടുക്കിയ രണ്ടാമത്തെ ദുരന്തം അരങ്ങേറിയത്. എസ്.യു.വി ഓടിച്ചിരുന്ന സിമി വാലി സ്വദേശി ബെയ്ലി ലിന്‍ റിയോസിനെ (36) വധശ്രമത്തിനും കൊലപാതക കുറ്റത്തിനും പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി തിരക്കേറിയ റോഡില്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ച ബെയ്ലി ലിന്‍, റെഡ് ലൈറ്റ് അവഗണിച്ച് മറ്റൊരു കാറിലിടിച്ച ശേഷമാണ് സിറ്റി ബസിലേക്ക് അതിവേഗം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീണു. അനിയന്ത്രിതമായ ഡ്രൈവിംഗിലൂടെ വന്‍ ദുരന്തത്തിന് വഴിവെച്ച ഇവര്‍ക്കെതിരെ കേസെടുത്ത പോലീസ് 4 ദശലക്ഷം ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ച് ജയിലിലടച്ചു. സ്വന്തം മകളുടെ അശ്രദ്ധ വരുത്തിവെച്ച വന്‍ ദുരന്തത്തില്‍ ഞെട്ടലും അതിയായ ദുഖവും രേഖപ്പെടുത്തിയ ബെയ്ലിയുടെ അമ്മ, ജീവന്‍ നഷ്ടപ്പെട്ട ഇരകളുടെ കുടുംബങ്ങളോട് പരസ്യമായി മാപ്പ് അപേക്ഷിച്ചു.

വാഹനാപകടത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ആകാശത്തുനിന്ന് പകര്‍ത്തിക്കൊണ്ടിരുന്ന എന്‍.ബി.സി, ടെലിമുണ്ടോ ചാനലുകളുടെ മാധ്യമ സംഘ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് തൊട്ടടുത്ത മണിക്കൂറുകളില്‍ ദുരന്തത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ചാറ്റ്സ്വര്‍ത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ പ്രമുഖ എയര്‍ ബോണ്‍ റിപ്പോര്‍ട്ടര്‍ എലിയാന മൊറേനോ, പൈലറ്റ് ജോര്‍ജ്ജ് മാര്‍സിനിവ് എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ പാര്‍ക്കിംഗ് ലോട്ടിലുണ്ടായിരുന്ന ഗ്വാട്ടിമാല സ്വദേശിയായ എഡി ഗുട്ടിയെറസ് മെജിയ (29) എന്ന യുവാവും മരണപ്പെട്ടു.

എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ട് റോട്ടറിന്റെ വേഗത പെട്ടെന്ന് കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വന്‍ തീപിടുത്തത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കണ്ടെയ്‌നറുകളും കത്തിനശിച്ചു. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൈലറ്റിന്റെയും വേര്‍പാടില്‍ അമേരിക്കന്‍ മാധ്യമലോകം ദുഖം രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam