ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയായിൽ: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

SEPTEMBER 16, 2026, 2:37 PM

ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജിയണിലെ ഇൻഡ്യൻ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളതനിമയിലുള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (ഐ.എ.സി.എ.) ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

മികച്ച ആദ്ധ്യാത്മിക, സാമൂഹിക പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികത്തോലിക്കർക്ക് മാതൃകയായി സേവനത്തിന്റെ 48 സംവൽസരങ്ങൾ പൂർത്തിയാക്കി 2028 ൽ സുവർണജൂബിലിയിലേക്ക് കുതിക്കുന്ന ഫിലാഡൽഫിയ കാത്തലിക് അസോസിയേഷൻ ഒക്ടോബർ 10 ശനിയാഴ്ച്ചയാണ് 'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ' എന്ന ആപ്തവാക്യത്തിലൂന്നി ഇൻഡ്യൻ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 10 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതൽ ഫിലാഡൽഫിയ സെ. തോമസ് സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് മാർ ഫീലിപ്പോസ് സ്റ്റെഫാനോസ് ആണ്.

vachakam
vachakam
vachakam

അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലും, സ്‌നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമ്മികത്വത്തിലും സീറോമലങ്കര റീത്തിലുള്ള കൃതഞ്ജതാ ബലിയർപ്പണം നടക്കും. 

വിശിഷ്ടാതിഥികൾക്ക് സ്വീകരണം, കൃതഞ്ജതാബലിയർപ്പണം, ദമ്പതിമാരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂർവികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കർ എന്നിവർ ഒരേ കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.

2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പുതുതായി വിവാഹിതരായ ദമ്പതിമാരെയും, 2026 ൽ ദാമ്പത്യജീവിതത്തിന്റെ രജത ജൂബിലി, സുവർണജൂബിലി (25, 50) എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീർവദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും. 

vachakam
vachakam
vachakam

ഫിലാഡൽഫിയാ അതിരൂപതയുടെ കീഴിൽ പ്രവാസി-അഭയാർത്ഥി കാര്യാലയത്തിന്റെ (പാസ്റ്ററൽ കെയർ ഫോർ റഫ്യൂജീസ് ആന്റ് മൈഗ്രന്റ്‌സ്) ചുമതലവഹിക്കുന്ന ഡയറക്ടർ സിസ്റ്റർ ജെർത്രൂഡ് ബോർസിനെ തദവസരത്തിൽ ഐ.എ.സി.എ. ആദരിക്കും. 

ഉപരിപഠനത്തിനും, വൈദഗ്ധ്യ ജോലികൾക്കായും ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയിൽ കുടിയേറി വിശാലഫിലാഡൽഫിയാ റീജിയണിൽ താമസമുറപ്പിച്ച മലയാളി കത്തോലിക്കർ 1978 ൽ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇൻഡ്യൻ കാത്തലിക് അസോസിയേഷൻ (ഐ.സി.എ.) വളർച്ചയുടെ പടവുകൾ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ സ്‌നേഹകൂട്ടായ്മയായി ഇന്ന് തലയുയർത്തി നിൽക്കുന്നു.

പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയിൽപെട്ട സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കുടുംബങ്ങൾ സമൂഹവളർച്ചക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനം ചെയ്ത് അഞ്ചു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവർക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയിൽപെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരാണ്.  

vachakam
vachakam
vachakam

സെക്കന്റ് ജനറേഷനിൽനിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നൽകിയിട്ടുള്ള ഇൻഡ്യൻ അമേരിക്കൻ കത്തോലിക്കർ ചെറുപ്പക്കാരായ ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കൻ സമ്പത് വ്യവസ്ഥക്ക് മുതൽക്കൂട്ടാക്കിയിട്ടുണ്ട്. 

ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ഡയറക്ടർ ബോർഡ് ചെയർമാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, സെ. തോമസ് സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ ഡയറക്ടർമാരുമായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.  

ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഭാരവാഹികളായ തോമസ് സൈമൺ (പ്രസിഡന്റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), സ്വപ്‌ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്റ്), മെർലിൻ അഗസ്റ്റിൻ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു) ജോൺ (ജോ. ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്റ്), സബ് കമ്മിറ്റി ചെയർപേഴ്‌സൺസ് ആയ ജോസ് മാളേയ്ക്കൽ, ജോസഫ് മാണി, ജസ്റ്റിൻ തോമസ്, ഫിലിപ് എടത്തിൽ, സേവ്യർ മൂഴിക്കാട്ട്, റോമിയോ ഡാൽഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം എന്നിവരും, വൈദികർക്കൊപ്പം ഡയറക്ടർ ബോർഡ് അംഗങ്ങളായ അലക്‌സ് ജോൺ, തോമസ് നെടുമാക്കൽ, ജോസഫ് തോമസ്, ജോൺസൺ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന (ഐ.എ.സി.എ.) എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.  

ഐ.എ.സി.എയുടെ കാരുണ്യപ്രവർത്തികളുടെ ഭാഗമായി സെപ്റ്റംബർ 20 മുതൽ 27 വരെ വസ്ത്രശേഖരണം നടത്തുന്നുണ്ട്. പുതിയതോ, അധികം ഉപയോഗിക്കാത്തതോ, മുഷിയാത്തതോ ആയ അമേരിക്കൻ വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, കമ്പിളി വസ്ത്രങ്ങളും ഈ കാലയളവിൽ അംഗദേവാലയങ്ങളായ സെന്റ് ജൂഡ് സീറോമലങ്കരപള്ളി, സെ. തോമസ് സീറോമലബാർ പള്ളി, സെ. ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ എന്നിവയുടെ ലോബിയിലുള്ള ബോക്‌സിൽ നിക്ഷേപിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ചാർലി ചിറയത്തുമായി 215- 791-0439 എന്ന നമ്പരിൽ ബന്ധപ്പെടുക.

ജോസ് മാളേയ്ക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam