അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠബാവാ അനുസ്മരണം

NOVEMBER 30, 2024, 8:23 AM

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 4 ബുധനാഴ്ച വൈകിട്ട് മലങ്കരയുടെ യാക്കോബ് ബുർദാന എന്ന് അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണം ഭദ്രാസനാസ്ഥാനമായ സെന്റ് അഫ്രേം കത്തീഡ്രലിൽ നടത്തപ്പെടുന്നു.

ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന അനുസ്മരണ ചടങ്ങിൽ വൈദിക ശ്രേഷ്ഠരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് വി.കുർബ്ബാനയും അതേ തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി സഭക്ക് അരനൂറ്റാണ്ടിന്റെ ഇതിഹാസ ചരിത്രം രചിച്ച ദുഷ്‌കരവും കഠിനവുമായ പാതയിലൂടെ പ്രാർത്ഥന മുഖമുദ്രയായി സ്വീകരിച്ച് സ്‌നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കി, ദൈവത്തിൽ ആശ്രയിച്ച് മലങ്കര യാക്കോബായ സുറിയാനി സഭയെ നിശ്ചയദാർഢ്യത്തോടെ കൈപിടിച്ചു നടത്തിയ ശ്രേഷ്ഠ ബാവായുടെ വേർപാടിൽ ലോകമെമ്പാടുമുള്ള സുറിയാനി സഭയുടെ വേദനയിൽ അമേരിക്കൻ മലങ്കര അതിഭദ്രാസനവും പങ്കുചേർന്നു കൊണ്ട് നടത്തപ്പെടുന്ന ഈ അനുസ്മരണ ചടങ്ങിനായുള്ള ക്രമീകരണങ്ങൾ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

vachakam
vachakam
vachakam

1974 ഫെബ്രുവരിയിൽ പ.യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും മേൽപ്പട്ട സ്ഥാനം സ്വീകരിച്ച് മോർ ദിവന്നാസ്യോസ് മെത്രാപോലീത്താ ആയി മലങ്കരയിൽ എത്തിയത് മുതൽ 50 വർഷക്കാലത്തോളമുള്ള ശ്രേഷ്ഠ ബാവായുടെ ജീവിതം, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസനത്തെ ഏറെ സ്‌നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന ശ്രേഷ്ഠ ബാവാ തിരുമേനി പല സന്ദർഭങ്ങളിലും ഇവിടെ എഴുന്നള്ളിവരികയും അനേക ദിവസങ്ങളിൽ ഇവിടെ താമസിക്കുകയും സഭാ മക്കളുമായി സുദൃഢമായ സ്‌നേഹബന്ധം നിലനിർത്തുകയും ചെയ്തു.

അതിഭദ്രാസനത്തിന്റെ വളർച്ചയിൽ ബാവാ തിരുമേനിയുടെ പങ്ക് വിസ്മരിക്കാവുന്നതല്ല
ശ്രേഷ്ഠബാവാ, എപ്പിസ്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റായതോടെ പ. സഭയുടെ വളർച്ചക്കായി സ്വന്തമായി ഒരു ആസ്ഥാനവും, മറ്റു അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകണമെന്ന ആഗ്രഹത്താൽ അതിനായി അശ്രാന്ത പരിശ്രമം നടത്തുകയും നേതൃത്വം നൽകുകയും ചെയ്തു. 1999 കാലഘട്ടത്തിൽ പുത്തൻകുരിശിൽ സ്ഥാപിതമായ ആസ്ഥാനമന്ദിരം സ്ഥാപിക്കുന്നതിനു വേണ്ടിയും മറ്റുപല നിർമ്മാണ പ്രവർത്തനങ്ങൾക്കായിട്ടും ഫണ്ട് സ്വരൂപിക്കുന്നതിനായി സന്ദർശനം നടത്തിയ സാഹചര്യങ്ങളിൽ അമേരിക്കൻ മലങ്കര അതിഭദ്രാസനം അകമഴിഞ്ഞ് സഹായിച്ചത് ശ്രേഷ്ഠ ബാവ തിരുമേനി നന്ദിയോടെ ഓർക്കുകയും പല തവണ അതാവർത്തിച്ച് പല വേദികളിലും പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രേഷ്ഠബാവായുടെ 40-ാം ഓർമ്മദിനം സമുചിതമായി പ. പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ മലങ്കരയിൽ ഡിസംബർ 9ന് നടത്തുന്നതിനാൽ ആ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഭദ്രാസന മെത്രാപോലീത്തായൊടൊപ്പം ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്ബ്, മറ്റുവൈദീകർ ഇന്ത്യയിലേക്ക് പോകുന്നു വെന്നുള്ളതിനാലാണ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ ചടങ്ങ് ഡിസംബർ 4ന് ക്രമീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam