ന്യൂയോര്‍ക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും ചൈനീസ് ശതകോടീശ്വരനുമായ ഗുവോ വെന്‍ഗുയിക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ അമേരിക്കന്‍ കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ജഡ്ജി അനലിസ ടോറസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 889 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഹോ വാന്‍ ക്വോക്ക്, മൈല്‍സ് ഗുവോ, മൈല്‍സ് ക്വോക്ക് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന വയര്‍ തട്ടിപ്പ്, സെക്യൂരിറ്റീസ് തട്ടിപ്പ്, ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള 12 ക്രിമിനല്‍ കുറ്റങ്ങളില്‍ ഒന്‍പതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചൈനയില്‍ ജനാധിപത്യം കൊണ്ടുവരാന്‍ ആഗ്രഹിച്ച നിരപരാധികളായ ആളുകളെയാണ് ഗുവോ ലക്ഷ്യമിട്ടതെന്ന് ജഡ്ജി അനലിസ ടോറസ് ചൂണ്ടിക്കാട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംസാരിച്ച് വലിയൊരു അനുയായി വൃന്ദത്തെ ഇയാള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് തന്റെ കമ്പനികളിലും ക്രിപ്റ്റോ കറന്‍സി പദ്ധതികളിലും നിക്ഷേപിച്ചാല്‍ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളില്‍ നിന്നായി 100 കോടിയിലധികം ഡോളര്‍ ഇയാള്‍ തട്ടിയെടുത്തു.
ഈ പണം ഉപയോഗിച്ച് ആഡംബര ബംഗ്ലാവുകളും, കോടികള്‍ വിലമതിക്കുന്ന യോട്ടുകളും (ആഡംബര ബോട്ടുകള്‍), റേസ് കാറുകളും, ഡിസൈനര്‍ വസ്ത്രങ്ങളും വാങ്ങി അതിആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. തട്ടിപ്പ് പുറത്തായതോടെ 2023 ല്‍ എഫ്.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ സാക്ഷി പറയുന്നതിനിടെ, ഗുവോയുടെ തട്ടിപ്പ് തന്റെയും കുടുംബത്തിന്റെയും ജീവിതം പൂര്‍ണ്ണമായി തകര്‍ത്തുവെന്ന് ഇരയായ വെയ് ചെന്‍ എന്ന സ്ത്രീ വ്യക്തമാക്കി. എന്നാല്‍ തന്റെ പ്രവര്‍ത്തികളില്‍ യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കാന്‍ ഗുവോ തയ്യാറായില്ല. തന്റെ പ്രവര്‍ത്തികള്‍ ആര്‍ക്കും നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന വിചിത്രമായ വാദമാണ് ഇയാള്‍ കോടതിയിലും ഉന്നയിച്ചത്. തനിക്കെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ സ്വന്തം അനുയായികളെ ഉപയോഗിച്ചിരുന്നതായും ജഡ്ജി നിരീക്ഷിച്ചു.
രാഷ്ട്രീയ ബന്ധങ്ങളും ചൈനയുടെ നിലപാടും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശകനായിരുന്ന സ്റ്റീവ് ബാനനുമായി അടുത്ത ബന്ധമുള്ളയാളാണ് ഗുവോ വെന്‍ഗുയി. 2020 ല്‍ മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്റ്റീവ് ബാനനെ അറസ്റ്റ് ചെയ്തത് ഗുവോയുടെ ആഡംബര യോട്ടില്‍ വെച്ചായിരുന്നു. പിന്നീട് ട്രംപ് ഇദ്ദേഹത്തിന് പൊതുമാപ്പ് നല്‍കി.
താന്‍ ചൈനീസ് ഭരണകൂടത്തിന്റെ അഴിമതികള്‍ പുറത്തുവിട്ടതിനാലാണ് അവര്‍ തന്നെ ലക്ഷ്യമിടുന്നതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ് താന്‍ അമേരിക്കയില്‍ എത്തിയതെന്നുമാണ് ഗുവോ കോടതിയില്‍ വാദിച്ചത്.
അതേസമയം യു.എസ് കോടതിയുടെ വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പിടികിട്ടാപ്പുള്ളിയാണ് ഗുവോ എന്നും ചൈന അറിയിച്ചു. ചൈനയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന ഗുവോ വെന്‍ഗുയി 2015 ലാണ് രാജ്യം വിട്ട് അമേരിക്കയില്‍ അഭയം തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
