വടക്കേ അമേരിക്കയില്‍ വ്യാപാര യുദ്ധം മുറുകുന്നു: കാനഡയുടെ വിപണി നയങ്ങളില്‍ പിടിമുറുക്കാന്‍ അമേരിക്ക

JUNE 30, 2026, 7:43 PM

ഒട്ടാവ: നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാവി ഇപ്പോള്‍ കടുത്ത അനിശ്ചിതത്വത്തിലാണ്. യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച യു.എസ്.എം.സി.എ(യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ എഗ്രിമെന്റ്) കരാറിലെ സണ്‍സെറ്റ് ക്ലോസ് പ്രകാരമുള്ള നിര്‍ണായക സമയപരിധി ജൂലൈ ഒന്നോടെ അവസാനിക്കുകയാണ്. പഴയ നാഫ്റ്റ കരാറില്‍ ഇല്ലാതിരുന്ന, ട്രംപ് ഭരണകൂടം നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തിയ ഈ നിബന്ധന പ്രകാരം, കരാര്‍ നീട്ടണോ അതോ പുനപരിശോധിക്കണോ എന്ന് ഈ തീയതിക്കകം തീരുമാനിക്കേണ്ടതുണ്ട്.

ഈ സമയപരിധി മുതലെടുത്ത് കാനഡയുടെ ആഭ്യന്തര നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാല്‍ നിലവിലുള്ള നികുതിരഹിത വ്യാപാര സ്വാതന്ത്ര്യം എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് കാനഡയുടെയും മെക്‌സിക്കോയുടെയും തീരുമാനം.

അമേരിക്കയുടെ പ്രധാന ആവശ്യങ്ങള്‍

വെറും വാഹന വ്യവസായത്തില്‍ മാത്രമല്ല, കാനഡയുടെ മറ്റ് പല ആഭ്യന്തര സാമ്പത്തിക നയങ്ങളിലും മാറ്റം വേണമെന്നാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. കാനഡയുടെ ഡയറി ഇംപോര്‍ട്ട് മേഖലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് യു.എസ് സമ്മര്‍ദ്ദം ചെലുത്തുന്നത്. കൂടാതെ ഒടിടി അടക്കമുള്ള ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ കനേഡിയന്‍ ഉള്ളടക്കങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണന കുറയ്ക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. കാനഡയുടെ ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന ബൈ കനേഡിയന്‍ നയങ്ങള്‍ മാറ്റുക. അതോടൊപ്പം കാനഡയിലെ പ്രവിശ്യകള്‍ അമേരിക്കന്‍ മദ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ വൈറ്റ് ഹൗസ് കടുത്ത അതൃപ്തിയിലാണ്. അമേരിക്ക ഏര്‍പ്പെടുത്തിയ നികുതികള്‍ക്ക് പകരമായാണ് കാനഡയിലെ സര്‍ക്കാര്‍ മദ്യശാലകള്‍ യു.എസ് മദ്യങ്ങള്‍ ബാന്‍ ചെയ്തത്.

ചൈനീസ് ഭീഷണിയും ഓട്ടോമൊബൈല്‍ നിയമങ്ങളും

വടക്കേ അമേരിക്കന്‍ വിപണിയിലേക്ക് ചൈനീസ് ഉല്‍പന്നങ്ങള്‍ കടന്നുകൂടുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ഇതിനായി വാഹന നിര്‍മ്മാണ മേഖലയിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യു.എസ് ആവശ്യപ്പെടുന്നു. കാനഡ വഴിയോ മെക്‌സിക്കോ വഴിയോ ചൈനീസ് ഉല്‍പന്നങ്ങള്‍ നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ എത്തുന്നില്ല എന്ന് ഉറപ്പാക്കുക. ഒപ്പം ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ നികുതി നയങ്ങളോട് കാനഡയും മെക്‌സിക്കോയും പൂര്‍ണ്ണമായി സഹകരിക്കുക.

പ്രതിരോധിച്ച് കാനഡയും മെക്‌സിക്കോയും

കാനഡയെയും മെക്‌സിക്കോയെയും സംബന്ധിച്ച് ഈ ചര്‍ച്ചകള്‍ തികച്ചും പ്രതിരോധപരമാണ്. അവരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്. നികുതിരഹിത വ്യാപാരം നിലനിര്‍ത്തുക, അതായത് പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തികള്‍ കടന്നുള്ള സ്വതന്ത്ര വ്യാപാരം തുടരുക. സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ എന്നിവയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ ഭീമമായ നികുതികള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.

റീഗന്‍ പരസ്യവും ചര്‍ച്ചകളുടെ തകര്‍ച്ചയും

കഴിഞ്ഞ വര്‍ഷം കാര്‍ണി സ്റ്റീല്‍-അലുമിനിയം നികുതികള്‍ കുറയ്ക്കുന്നതിനായി ട്രംപുമായി ഒരു ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഒന്റാറിയോ സര്‍ക്കാര്‍ പുറത്തുവിട്ട ഒരു പരസ്യത്തെ തുടര്‍ന്ന് ട്രംപ് ചര്‍ച്ചകളില്‍ നിന്ന് പെട്ടെന്ന് പിന്മാറി. മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നികുതികള്‍ക്കെതിരെ മുന്‍പ് നടത്തിയ ഒരു പ്രസംഗമാണ് ആ പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഇത് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചു.

ആ ചര്‍ച്ചകള്‍ തുടരാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇതിന് കൂടുതല്‍ സമയമെടുക്കും എന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണെന്നാണ് കാര്‍ണി ചൊവ്വാഴ്ച വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സമ്മര്‍ദ്ദവും

ഈ വ്യാപാര യുദ്ധം ഉണ്ടാക്കുന്ന അനിശ്ചിതത്വം നോര്‍ത്ത് അമേരിക്കയിലെ വലിയ നിക്ഷേപങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഏത് സമയത്താണ് നിയമങ്ങള്‍ മാറുക എന്ന ഭയം കമ്പനികളെ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

അതേസമയം, അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിലും ഇത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇറാനുമായുള്ള ട്രംപിന്റെ തര്‍ക്കങ്ങള്‍ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി എണ്ണവില കുതിച്ചുയരുകയാണ്. ഇത് യു.എസ് സാമ്പത്തിക രംഗത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വ്യാപാര തര്‍ക്കങ്ങളും ഉടലെടുക്കുന്നത്.

English Summary

Amid brewing domestic economic strain from high oil prices linked to the conflict with Iran, the Trump administration is leveraging a looming July 1 "sunset clause" deadline to pressure Canada and Mexico into sweeping trade concessions under the USMCA. Washington is demanding substantial changes to Canada’s dairy quotas, digital streaming content rules, and "Buy Canadian" policies, while actively pushing to tighten automotive rules to block Chinese imports from entering the North American market. In contrast, Canada and Mexico remain defensively focused on preserving their long-standing tariff-free trade and rolling back U.S. steel and aluminum tariffs—discussions that have remained stalled ever since President Trump abruptly walked away last October over an Ontario government advertisement featuring Ronald Reagan.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam