ടെക്‌സസ് പ്രളയ ദുരന്തം: 28 പേരുടെ മരണത്തിന് ഇടയാക്കിയ ക്യാമ്പ് മിസ്റ്റിക് പാപ്പരത്ത ഹര്‍ജി നല്‍കി

JUNE 24, 2026, 11:01 AM

ടെക്‌സസ്: കഴിഞ്ഞ വര്‍ഷം ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ പ്രളയത്തില്‍ 25 പെണ്‍കുട്ടികളടക്കം 28 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ പ്രശസ്തമായ ക്യാമ്പ് മിസ്റ്റിക് സമ്മര്‍ ക്യാമ്പ് അധികൃതര്‍ പാപ്പരത്ത സംരക്ഷണത്തിനായി കോടതിയെ സമീപിച്ചു. ദുരന്തം നടന്ന് ഒരു വര്‍ഷം തികയാറാകുമ്പോഴാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഈ സമ്മര്‍ ക്യാമ്പ് ഉടമകള്‍ ഹൂസ്റ്റണിലെ യു.എസ് പാപ്പരത്ത കോടതിയില്‍ ചാപ്റ്റര്‍ 11 പ്രകാരം ഹര്‍ജി നല്‍കിയത്.

ക്യാമ്പിന്റെ ആകെ ബാധ്യത 10 മില്യണ്‍ ഡോളറിനും 50 മില്യണ്‍ ഡോളറിനും ഇടയിലാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്യാമ്പിന്റെ ആകെ ആസ്തി 1 മില്യണ്‍ മുതല്‍ 10 മില്യണ്‍ ഡോളര്‍ വരെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് ഗ്വാഡലൂപ്പെ നദിയിലുണ്ടായ പ്രളയത്തെത്തുടര്‍ന്നാണ് ക്യാമ്പ് ദുരന്ത ഭൂമിയായി മാറിയത്. 25 പെണ്‍കുട്ടികള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, ക്യാമ്പ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഡിക് ഈസ്റ്റ്ലാന്‍ഡ് എന്നിവരാണ് അന്ന് പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

അപകടത്തെക്കുറിച്ച് ഈ മാസം ആദ്യം പുറത്തുവന്ന സംസ്ഥാന അന്വേഷണ സമിതിയുടെ 115 പേജുള്ള റിപ്പോര്‍ട്ടില്‍ ക്യാമ്പ് അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ കുട്ടികളെ ഒഴിപ്പിക്കുന്നതിനോ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനോ ക്യാമ്പിന് കൃത്യമായ ദുരന്ത നിവാരണ പദ്ധതി ഉണ്ടായിരുന്നില്ല. ദുരന്ത സമയത്ത് കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ചുമതല ക്യാമ്പ് സഹ-ഉടമയും മകനും ഒരു സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടെ വെറും മൂന്ന് പുരുഷന്മാരുടെ ചുമലിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സഹ-ഉടമയായ റിച്ചാര്‍ഡ് ഈസ്റ്റ്ലാന്‍ഡ് മരണപ്പെട്ടത്.

ദുരന്തത്തില്‍ കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ക്യാമ്പ് അധികൃതരുടെ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി ഒരു മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവംബറില്‍ കോടതിയെ സമീപിച്ചിരുന്നു. ക്യാമ്പ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തതോടെ നിലവിലുള്ള നഷ്ടപരിഹാരക്കേസുകളിലെ നിയമനടപടികള്‍ താല്‍ക്കാലികമായി തടസ്സപ്പെടും. ഇനി ഇരകളുടെ കുടുംബങ്ങള്‍ക്ക് വ്യക്തിഗത ജൂറി വിധികളിലൂടെയുള്ള നഷ്ടപരിഹാരത്തിന് പകരം, പാപ്പരത്ത കോടതിയില്‍ ക്രെഡിറ്റര്‍മാരായി രജിസ്റ്റര്‍ ചെയ്ത് ലഭ്യമായ പരിമിതമായ ഫണ്ടില്‍ നിന്ന് മാത്രമേ വിഹിതം കൈപ്പറ്റാനാകൂ.

നൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ക്യാമ്പ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും, ഇരകളുടെ കുടുംബങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അപേക്ഷ പിന്‍വലിച്ചിരുന്നു. മരിച്ച കുട്ടികളില്‍ എട്ടുവയസ്സുകാരിയായ സിസിലിയ സൈല്‍ സ്റ്റീവാര്‍ഡ് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗ്വാഡലൂപ്പെ നദിയിലുണ്ടായ ഈ വന്‍ പ്രളയത്തില്‍ ആകെ 136 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam