വാഷിംഗ്ടൺ: അന്യഗ്രഹജീവികളെയും യുഎഫ്‌ഒകളെയും (UFO) സംബന്ധിച്ച ചർച്ചകൾ ലോകമെമ്പാടും സജീവമാകുന്നതിനിടെ, നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ.
അന്യഗ്രഹജീവികൾ എന്നത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറയുമ്പോഴും, അമേരിക്കയിലെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക താവളമായ ഏരിയ 51-ൽ ഇവയെ ഒളിപ്പിച്ചിട്ടുണ്ടെന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ അദ്ദേഹം പാടേ തള്ളി. ശനിയാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്.
"അന്യഗ്രഹജീവികൾ സത്യമാണ്. പക്ഷേ അവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. അവരെ ഏരിയ 51-ൽ പാർപ്പിച്ചിട്ടുമില്ല," ഒബാമ പറഞ്ഞു. ഏരിയ 51-ൽ ഭൂഗർഭ തടവറകളുണ്ടെന്ന വാദങ്ങളെ പരിഹസിച്ച അദ്ദേഹം, അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുപിടിക്കാൻ കഴിയുന്ന അത്ര വലിയൊരു ഗൂഢാലോചന നടക്കാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
പോഡ്കാസ്റ്റിനിടെ, യുഎസ് പ്രസിഡന്‍റായിരുന്ന കാലയളവിൽ ഏത് ചോദ്യത്തിന് ഉത്തരം നൽകണമെന്നാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് ചോദിച്ചപ്പോഴാണ് ചിരിച്ച് കൊണ്ട് ഏലിയൻസ് എവിടെ? എന്ന മറുപടി അദ്ദേഹം നൽകിയത്.
എന്താണ് ഏരിയ 51
നെവാഡയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള സൈനിക താവളമായ ഏരിയ 51, പതിറ്റാണ്ടുകളായി അന്യഗ്രഹജീവികളുമായും യുഎഫ്‌ഒ (UFO) ദൃശ്യങ്ങളുമായും ബന്ധപ്പെട്ട കഥകളാൽ ലോകശ്രദ്ധ നേടിയ ഇടമാണ്. എന്നാൽ, ഇത്തരമൊരു സൈനിക കേന്ദ്രത്തിന്റെ നിലനിൽപ്പ് 2013-ൽ മാത്രമാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി സമ്മതിച്ചത്. അത്യാധുനിക യുദ്ധവിമാനങ്ങളുടെയും രഹസ്യ ആയുധങ്ങളുടെയും പരീക്ഷണ കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
1947 -ൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ നടന്ന റോസ്വെൽ സംഭവത്തിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന വസ്തുക്കളും, അന്യഗ്രഹ ജീവികളുടെ അവശിഷ്ടങ്ങളും മറ്റ് തിരിച്ചറിയാൻ കഴിയാത്ത പറക്കുന്ന വസ്തുക്കളും ( UFOs) അതീവ രഹസ്യമായ ഈ സ്ഥലത്ത് ഉണ്ടെന്ന് ഗൂഢാലോചന സിദ്ധാന്തങ്ങൾ അവകാശപ്പെടുന്നു.
അന്യഗ്രഹ ബഹിരാകാശ പേടകങ്ങളുടെ റിവേഴ്‌സ് എഞ്ചിനീയറിംഗ് മുതൽ ടൈം ട്രാവൽ, ടെലിപോർട്ടേഷൻ, കാലാവസ്ഥാ നിയന്ത്രണം പോലെ, യുഎസ് സൈന്യത്തിന് വേണ്ടി ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് വരെയുള്ള രഹസ്യ പദ്ധതികൾ ഏരിയ 51 -ൽ നടക്കുന്നുവെന്ന് മറ്റ് ചിലരും ആരോപിക്കുന്നു. എന്നാൽ ഇത്തരംഅവകാശവാദങ്ങളെന്നും തന്നെ തെളിയിക്കപ്പെട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
