അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് ജൂലായ് 16 (ബുധൻ) അഭിവന്ദ്യരായ മെത്രാപോലീത്താമാരുടേയും വന്ദ്യ വൈദീകരുടെയും നൂറുകണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു.
കാനഡയിലേയും അമേരിക്കയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ഉച്ചയ്ക്ക് 12മണിയോടെ കോൺഫറൻസ് വേദിയിലേക്ക് എത്തി തുടങ്ങി. വൈകിട്ട് 5 മണിക്ക് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് പതാക ഉയർത്തിയതോടെ കുടുംബമേളക്ക് തുടക്കമായി.
വൈകിട്ട് 6.30ന് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികളുടെ യോഗം അഭിവന്ദ്യ ഇടവക മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും ശ്രേഷ്ഠ കാതോലിക്കാ ബാവായോടും ഭദ്രാസന മെത്രാപോലീത്തായോടും മലങ്കരയിലെ എല്ലാ മെത്രാപോലീത്തമാരോടുമുള്ള സ്‌നേഹവും വിധേയത്വവും കൂറും ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടാണ് യോഗ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും വളർച്ചക്കും സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി.
അടുത്ത രണ്ട് വർഷത്തേക്കുള്വ ഭരണസമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.
17ന് (വ്യാഴം) രാവിലെ 9.15ന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ, അഭിവന്ദ്യ പിതാക്കന്മാരും, വിശിഷ്ട വ്യക്തികളും പങ്കുചേരും.
കുടുംബമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2025' ന്റെ പ്രകാശനകർമ്മവും തദവസരത്തിൽ നടക്കും. വൈകിട്ട് 7 മണിക്ക് ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് ക്രമീകരിക്കുന്ന അവാർഡ് നൈറ്റ് എന്ന പ്രോഗ്രാമും നടത്തപ്പെടും.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്