അമേരിക്കൻ അതിഭദ്രാസന 36-ാമത് കുടുംബമേള സമാപിച്ചു

JULY 23, 2025, 2:12 AM

വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടത്തപ്പെട്ട 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന് തിരശ്ശീല വീണു.
വിശ്വാസ തീഷ്ണതയിൽ, അടിയുറച്ച സഭാവിശ്വാസത്തിന്റേയും ആത്മവിശുദ്ധിയുടേയും മഹത്വം വിളിച്ചോതി, തികച്ചും ഭക്തി നിർഭരമായ അന്തരീക്ഷിത്തിൽ യുവജനങ്ങളുടേയും മുതിർന്നവരുടേയും സജീവ പങ്കാളിത്വത്തിൽ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാർന്ന ആശയങ്ങൾ കൊണ്ടും, ആത്മീയത നിറഞ്ഞുനിന്ന വിവിധങ്ങളായ പ്രോഗ്രാമുകൾ കൊണ്ടും, സഭയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും ഊട്ടിഉറപ്പിക്കുന്ന ഒരു മഹത്തായ വേദിയായി മാറി.

കോൺഫറൻസിന്റെ ആദ്യ ദിനമായ ബുധനാഴ്ച നടത്തപ്പെട്ട 'ഡെലിഗേറ്റ് മീറ്റിംഗ് ' ഭദ്രാസത്തിന്റെ അഭിവൃദ്ധിക്കും വളർച്ചക്കും സഭാംഗങ്ങളുടെ ക്ഷേമത്തിനും അതോടൊപ്പം തന്നെ പൊതുജന നന്മക്കും ഉതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് അന്തിമ രൂപം നൽകി.
'വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും, യോഹന്നാൻ 11.40' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഈ കുടുംബമേളയുടെ മുഖ്യപ്രഭാഷകയായി പങ്കെടുത്തത് ലോക പ്രശസ്ത ക്രിസ്ത്യൻ ചരിത്രകാരിയും സിറിയക്ക് ഓർത്തഡോക്‌സ് ചർച്ച് ഹിസ്റ്ററിൽ ഡോക്ടറേറ്റ് ബിരുദധാരിയുമായ ഡോ. സാറാ നൈറ്റായിരുന്നു.

സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ പ്രതീകമായ നിഖ്യാസുന്നഹദോസിന്റെ 1700-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സുറിയാനി സഭയുടെ ചരിത്രപരമായ അവലോകനവും അപ്പോസ്‌തോലിക പിന്തുടർച്ചയും കൈവെയ്പും, വി.സഭ അനുവർത്തിച്ചു വരുന്ന പാരമ്പര്യങ്ങളും പഠിക്കുവാനും അവ ചർച്ച ചെയ്യുവാനുമുള്ള അവസരം ലഭ്യമായിയെന്നുള്ളത് വിശ്വാസികൾക്ക് ഒരു പുത്തൻ അനുഭവമായി മാറി. അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ്, അഭിവന്ദ്യ മോർ ജോസഫ് ബാലി, റവ. ഫാ. ഏലിജാ എസ്തഫാനോസ് എന്നീ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ നടത്തിയ പഠന ക്ലാസ്സുകളും വിശ്വാസികൾക്ക് ആത്മീയ നിറവേകി.

vachakam
vachakam
vachakam

കുടുംബമേളയുടെ 2-ാം ദിവസം ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തിയ എക്‌സലൻസ് അവാർഡ് നിശ ഏറെ ആകർഷകമായിരുന്നു. വിവിധ കർമ്മരംഗങ്ങളിൽ പ്രശംസനീയമായ സേവനങ്ങൾ വഴിയായി വലിയ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന് മാതൃകയായി മാറുകയും ചെയ്ത വിശിഷ്ട വ്യക്തികളെ ആദരിച്ചത് ഏറെ പ്രശംസനീയമായി.

കുടുംബമേളയോടനുബന്ധിച്ച് കൊടി, വർണ്ണക്കുട, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ ചെണ്ടവാദ്യ മേളങ്ങളുടെ താളകൊഴുപ്പോടെ പാത്രിയർക്കാ പതാകക്ക് പിന്നിലായി, വന്ദ്യ വൈദീകർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവരോടൊപ്പം വിശ്വാസസമൂഹം, കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ മറ്റൊരു നേർകാഴ്ചയെന്നോണം, കേരള ശൈലിയിലുളള വേഷവിധാനങ്ങളോടെ  പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ച് അടുക്കും ചിട്ടയുമായി അണിനിരന്ന് നടത്തിയ വർണശബളമായ ഘോഷയാത്ര ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാനഡ റീജിയൻ പ്രത്യേക ഭദ്രാസനമായി ഉയർത്തുന്നതിനുള്ള ശുപാർശ പരിശുദ്ധ പാത്രിയർക്കീസ് ബാവാക്ക് സമർപ്പിക്കുമെന്ന ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മാർ തീത്തോസ് മെത്രാപോലീത്തായുടെ അറിയിപ്പ് സഭാംഗങ്ങളെ ഏറെ സന്തുഷ്ടരാക്കി.

കുടുംബമേളയുടെ അവസാന ദിവസമായ ശനിയാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യരായ മെത്രാപോലീത്താമാരുടെ കാർമ്മികത്വത്തിലും വന്ദ്യ കോർഎപ്പിസ്‌കോപ്പമാർ, ബവ. വൈദികർ, ശെമ്മാശ്ശന്മാർ എന്നിവരുടെ സഹകരണത്തിലും വി.ബലി അർപ്പണവും നടത്തപ്പെട്ടു.
വി. കുർബ്ബാനക്കുശേഷം അഭിവന്ദ്യ ഇടവക മെത്രാപോലിത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഭദ്രാസനത്തിന്റെ വളർച്ചക്കും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പ്രത്യേകിച്ച് ഭദ്രാസന സെക്രട്ടറി റവ. ഫാ. ഡോ. ജെറി ജേക്കബ്, ട്രഷറർ ജോജി കാവനാൽ എന്നിവരേയും വന്ദ്യ വൈദീകരേയും മറ്റു ഭക്തസംഘടനാ പ്രവർത്തകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി മെത്രപോലീത്താ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.

vachakam
vachakam
vachakam

ഭദ്രാസനാസ്ഥാന കത്തീഡ്രലിന്റെ പുനരുദ്ധാരണ പണികൾ നടന്നുവരുന്ന ഈ കാലയളവിൽ ഏവരുടേയും തുടർന്നുളള സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് മെത്രാപോലീത്താ ഓർമ്മിപ്പിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട്, ട്രഷറർ സിമി ജോസഫ്,  കൗൺസിൽ അംഗങ്ങൾ, വൈദീക സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ചാലിശ്ശേരി, മറ്റു ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവരെയെല്ലാം ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും ഭദ്രാസത്തിന്റെ വളർച്ചക്കും ഉന്നമനത്തിനുമായി ഏവരുടേയും ഒത്തൊരുമയോടു കൂടിയുള്ള പ്രവർത്തനം സ്വാഗതം ചെയ്യുന്നതായും മെത്രാപോലീത്ത അറിയിച്ചു.

കറുത്തേടത്ത് ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam