പാരീസ്: ജലത്തിന് സാധാരണ മൂന്നവസ്ഥകളാണ് ഉള്ളതെന്ന് നാം കുട്ടിക്കാലം മുതല്‍ പഠിച്ചിരിക്കുന്ന കാര്യമാണ്. ഖരം (ഐസ്), ദ്രാവകം (ജലം), വാതകം (നീരാവി) എന്നീ മൂന്നവസ്ഥകളിലും സ്ഥിതി ചെയ്യാന്‍ ഭൂമിയുടെ അന്തരീക്ഷം ജലത്തിന്റെ ഘടനയ്ക്ക് അനുകൂലമാണ്. എന്നാല്‍ ഭൂമിയ്ക്ക് പുറത്ത് നാലാമതൊരു അവസ്ഥയില്‍ ജലം കാണപ്പെട്ടേക്കാമെന്നാണ് പുതിയ കണ്ടുപിടുത്തം.
സാധാരണയായി കാണപ്പെടുന്ന മൂന്നവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ പ്ലാസ്റ്റിക് ഐസ് VII (plastic ice VII) എന്ന അവസ്ഥയില്‍ അന്യഗ്രഹത്തില്‍ ജലം ഉണ്ടാകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജലത്തിന്റെ ഇത്തരമൊരു അവസ്ഥയെ കുറിച്ച് മുന്‍പും വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യമായി ഈ വാദങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുമായെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഫ്രാന്‍സിലെ അന്താരാഷ്ട്ര ശാസ്ത്രസ്ഥാപനമായ ഇന്‍സ്റ്റിട്യൂട്ട് ലാവ്-ലാനജെവിനിലെ (Institut Laue-Langevin -ILL) ഒരു സംഘം ശാസ്ത്രഗവേഷകര്‍ പ്ലാസ്റ്റിക് ഐസ് VII സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ജലത്തെ ആറ് ഗിഗാപാസ്‌കല്‍ മര്‍ദത്തിലേക്ക് (6 gigapascal- മര്‍ദം അളക്കുന്ന യൂണിറ്റാണ് പാസ്‌കല്‍, ഒരു മില്യണ്‍ പാസ്‌കലാണ് ഒരു ഗിഗാപാസ്‌കല്‍) ജലത്തെ അമര്‍ത്തി 327 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ചൂടാക്കിയാണ് പ്ലാസ്റ്റിക് ഐസ് VII എന്ന രൂപത്തിലേക്ക് ഗവേഷകര്‍ മാറ്റിയെടുത്തിരിക്കുന്നത്.നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് വിശദീകരിച്ചിരിക്കുന്നു.
ഹൈഡ്രജന്‍ ആറ്റങ്ങള്‍ പോലുള്ള സൂക്ഷ്മകണങ്ങളുടെ ചലനം നിരീക്ഷിക്കുന്ന ഖ്വാസി-ഇലാസ്റ്റിക് സ്‌കാറ്ററിങ് (quasi-elastic neutron scattering - QENS) രീതിയാണ് ഗവേഷകര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും ഐസ് VII ല്‍ ഹൈഡ്രജന്‍ കണികകള്‍ അതിസൂക്ഷ്മമായ പരിധിയില്‍ നിശ്ചിതകേന്ദ്രത്തിനുചുറ്റും ചുറ്റിക്കറങ്ങുമെന്ന 17 കൊല്ലം മുന്‍പത്തെ ശാസ്ത്രപ്രവചനത്തിനാണ് പുതിയ ഗവേഷണം സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്